കോട്ടയം: വിഴിഞ്ഞം പ്രശ്നത്തിൽ സർക്കാരിനും സിപിഎമ്മിനും അതിരൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭാ പത്രം ദീപികയുടെ മുഖപ്രസംഗം. വിഴിഞ്ഞം അക്രമങ്ങളുടെ പേരിൽ മത്സ്യത്തൊഴിലാളികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന പറയുന്ന പാർട്ടിയും യുവജനസംഘടനയും ഇക്കാലമത്രയും നടത്തിയ സമരാഭാസങ്ങളുടെ നഷ്ടപരിഹാരം എങ്ങനെ കണക്കാക്കും എന്നാണ് മുഖപ്രസംഗത്തിലെ ചോദ്യം. ജനരോഷം സമരക്കാർക്കെതിരാക്കാൻ സമുദായ നേതാക്കൾക്കൊപ്പം സർക്കാരും കൈകോർക്കുന്നു. മന്ത്രിമാരുടെ പ്രകോപന പ്രസംഗങ്ങളിൽ മുന്നിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ആണ്. നിസഹായരായ മനുഷ്യരെ തീവ്രവാദിയെന്ന് വിളിച്ചല്ല വികസനം കൊണ്ടുവരേണ്ടത്. വിഴിഞ്ഞം തീവെട്ടിക്കൊള്ളയ്ക്ക് പിന്നിലെ ലക്ഷ്യം 5000 കോടി ആണെന്ന് ദേശാഭിമാനി തലക്കെട്ടെഴുതിയത് മറക്കരുത്.
അധികാരം കിട്ടിയപ്പോൾ, നിങ്ങൾ പറഞ്ഞ ആ ദുരന്തമുഖത്ത് അതേ മത്സ്യത്തൊഴിലാളികളെ നിങ്ങൾ ചവിട്ടിത്താഴ്ത്തി എന്നും മുഖപ്രസംഗം പറയുന്നു. അതിജീവനസമരക്കാരെ തീവ്രവാദികളായും വികാരജീവികളായും വിദേശപണം കൈപ്പറ്റുന്നവരായും ചിത്രീകരിക്കുന്നു. വീണ്ടുവിചാരമില്ലാതെ സിൽവർലൈൻ നടപ്പാക്കാൻ ഇറങ്ങിപ്പുറപ്പെട്ടതിൻറെ പേരിൽ നഷ്ടമായ കോടികൾ ആരിൽനിന്ന് ഈടാക്കും എന്ന ചോദ്യവും മുഖപ്രസംഗത്തിൽ ഉണ്ട്.

