ലോകകപ്പ് ഫുട്‌ബോള്‍ സി ഗ്രൂപ്പില്‍ നിര്‍ണായക മത്സരങ്ങള്‍

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ സി ഗ്രൂപ്പില്‍ നിര്‍ണായക മത്സരങ്ങള്‍. പോളണ്ട് അര്‍ജന്റീനയെയും സൗദി അറേബ്യ മെക്‌സിക്കോയെയും നേരിടും.
രണ്ട് കളികളിലായി നാല് പോയിന്റ് നേടിയ പോളണ്ട് ഒന്നാമതും മൂന്ന് പോയിന്റ് നേടിയ അര്‍ജന്റീന രണ്ടാമതുമാണ്. സൗദിക്കും അര്‍ജന്റീനയ്ക്കും മൂന്ന് പോയിന്റ് വീതമാണ്. പോളണ്ടിനെ തോല്‍പ്പിച്ചാല്‍ അര്‍ജന്റീന ഒന്നാംസ്ഥാനക്കാരായി നോക്കൗട്ടിലെത്തും. സമനില നേടിയാലും പോളണ്ടിനു മുന്നേറാനാകും.നാല് ടീമുകള്‍ക്കും സാധ്യതയുണ്ട്. തോറ്റാല്‍ അര്‍ജന്റീന പുറത്തേക്കും പോളണ്ട് പ്രീ ക്വാര്‍ട്ടറിലേക്കും പോകും. അര്‍ജന്റീനയ്ക്ക് സാധ്യത നിലനിര്‍ത്താന്‍ ജയമോ സമനിലയോ അത്യാവശ്യമാണ്. ജയിച്ചാല്‍ ആറു പോയിന്റുമായി മറ്റു മത്സരഫലങ്ങളെ ആശ്രയിക്കാതെ പ്രീ ക്വാര്‍ട്ടറിലെത്താം.

സമനിലയായാല്‍ സൗദി അറേബ്യയും മെക്‌സിക്കോയും തമ്മിലുള്ള മത്സരത്തെ ആശ്രയിക്കേണ്ടി വരും. സൗദി ജയിച്ചാല്‍ അര്‍ജന്റീനയും മെക്‌സിക്കോയും പുറത്താകും. ആറു പോയിന്റോടെ സൗദി കടക്കും. മെക്‌സിക്കോ ജയിച്ചാല്‍ അവര്‍ക്കും അര്‍ജന്റീനയ്ക്കും നാല് പോയിന്റ് വീതമാകും. അതോടെ ഗോള്‍ വ്യത്യാസമാകും പ്രീ ക്വാര്‍ട്ടറുകാരെ നിര്‍ണയിക്കുക. അര്‍ജന്റീനയ്‌ക്കെതിരേ നടന്ന കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും പോളണ്ട് ജയിച്ചു. അഞ്ച് മത്സരങ്ങളിലെ കണക്കിലും പോളണ്ടാണു മുന്നില്‍.

പോളണ്ട് രണ്ട് ജയവും അര്‍ജന്റീന ഒരു ജയവും കുറിച്ചു. 1974 ജൂണ്‍ 15 നു നടന്ന മത്സരത്തില്‍ 3-2 നു ജയിച്ചതാണ് പോളണ്ടിന്റെ ഏറ്റവും മികച്ച പ്രകടനം. 2011 ജൂണ്‍ അഞ്ചിനു നടന്ന മത്സരത്തിലും പോളണ്ടിനായിരുന്നു ജയം (2-1). 1978 ലോകകപ്പില്‍ പോളണ്ടിനെ തോല്‍പ്പിച്ചാണ് അര്‍ജന്റീന ലോകകപ്പ് കിരീടത്തിലേക്കുള്ള ജൈത്രയാത്ര തുടങ്ങിയത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരേ നടന്ന കഴിഞ്ഞ രണ്ട് ലോകകപ്പ് മത്സരങ്ങളിലും അര്‍ജന്റീനയ്ക്കു ജയിക്കാനായില്ല. ക്രൊയേഷ്യയും (3-0) ഫ്രാന്‍സും (4-3) അവരെ തോല്‍പ്പിച്ചു. തുടര്‍ച്ചയായി ആറു മത്സരങ്ങളില്‍ ഗോളടിച്ച സൂപ്പര്‍ താരം ലയണല്‍ മെസിയാണ് അര്‍ജന്റീനയുടെ പ്രതീക്ഷ. ഗോള്‍ നേട്ടത്തില്‍ അന്തരിച്ച ഇതിഹാസം ഡീഗോ മാറഡോണയ്ക്ക് (എട്ട്) ഒപ്പമെത്താനും മെസിക്കായി. ഒരു ഗോളും അസിസ്റ്റുമായി നിറഞ്ഞു കളിക്കുന്ന റോബര്‍ട്ടോ ലെവന്‍ഡോക്‌സിയാണ് പോളണ്ടിന്റെ പ്രതീക്ഷ.

ഗ്രൂപ്പ് ഡിയിലും അത്ര എളുപ്പമല്ല. ഫ്രാന്‍സ് നോക്കൗട്ടില്‍ കടന്നു. രണ്ടാമത്തെ ടീമിനെ ഇന്നറിയാം. മൂന്ന് പോയിന്റുള്ള ഓസ്‌ട്രേലിയ ഒരു പോയിന്റ് മാത്രമുള്ള ഡെന്‍മാര്‍ക്കിനെ നേരിടും. മത്സരത്തില്‍ സമനില വഴങ്ങിയാല്‍ ഓസ്‌ട്രേലിയക്ക് ഫ്രാന്‍സ്-ടുണീഷ്യ മത്സര ഫലത്തെ ആശ്രയിക്കേണ്ടി വരും. ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുകയും ഫ്രാന്‍സ് ടുണീഷ്യയെ മറികടക്കുകയും ചെയ്താല്‍ നാലു പോയിന്റുമായി ഡെന്‍മാര്‍ക്ക് അടുത്ത റൗണ്ടില്‍ കടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →