അഹമ്മദാബാദ്: ഗുജറാത്തില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം നവംബര്‍ 30ന് അവസാനിക്കും. രണ്ട് ഘട്ടമായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ്. ആകെ 182 സീറ്റുകളിലെ 89 സീറ്റുകളിലേക്കുള്ള ആദ്യ ഘട്ടം ഡിസംബര്‍ ഒന്നിനും 93 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ 5നും നടക്കും.ഭാരതീയ ജനത പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഇന്ന് ഭാവ്‌നഗറിലും ഗാന്ധിധാമിലും പ്രചാരണം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, നദ്ദ, തുടങ്ങിയ ബിജെപി നേതാക്കള്‍ ആദ്യഘട്ടത്തില്‍ മത്സരിക്കുന്ന തങ്ങളുടെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കായി റാലികള്‍ നടത്തി. എഎപിക്ക് വേണ്ടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വിപുലമായ പ്രചാരണം നടത്തി.കോണ്‍ഗ്രസില്‍ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും അവരുടെ സ്ഥാനാര്‍ഥികള്‍ക്കായി രംഗത്തിറങ്ങി.
ആദ്യ ഘട്ടത്തിലെ ശ്രദ്ധേയര്‍: ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇസുദന്‍ ഗദ്വി ദേവ്ഭൂമി ദ്വാരക ജില്ലയിലെ ഖംഭാലിയ സീറ്റില്‍ മത്സരിക്കുന്നു. ഗുജറാത്ത് മുന്‍ മന്ത്രി പര്‍ഷോത്തം സോളങ്കി, ആറ് തവണ എംഎല്‍എയായ കുന്‍വര്‍ജി ബവലിയ, കാന്തിലാല്‍ അമൃതിയ, ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ, ഗുജറാത്ത് എഎപി അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയ എന്നിവര്‍ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖ സ്ഥാനാര്‍ഥികളില്‍ ഉള്‍പ്പെടുന്നവരാണ്.