സര്‍ക്കാരിനോട് തുറന്ന പോരിനു ലത്തീന്‍ സഭ, ഇടപെടലുമായി പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘര്‍ഷത്തിന്റെ പേരില്‍ ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ അടക്കം അമ്പതോളം വൈദികര്‍ക്കെതിരേ കേസെടുത്ത നടപടിയില്‍ പ്രതിഷേധവുമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത.
സര്‍ക്കാരിനെതിരേ സഭാ നേതൃത്വം തുറന്ന പോര് പ്രഖ്യാപിച്ചു. ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണുള്ളതെന്നു സമരസമിതി കണ്‍വീനര്‍ കൂടിയായ ഫാ. തിയോഡിഷ്യസ് ഡിക്രൂസ് വിമര്‍ശിച്ചു. വിഴിഞ്ഞത്തെ സംഘര്‍ഷം സര്‍ക്കാര്‍ ഒത്താശയോടെയാണു നടക്കുന്നത്. സര്‍ക്കാരിന്റേത് വികൃതമായ നടപടികളെന്നും ഫാ.തിയോഡിഷ്യസ് പറഞ്ഞു.

ആര്‍ച്ച്ബിഷപ് ഉള്‍പ്പെടെയുള്ള വൈദികരെ പ്രതികളാക്കി പോലീസ് കേസെടുത്തത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ഇതു കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് പിണറായി സര്‍ക്കാര്‍ എത്തിയെന്ന് വ്യക്തമാക്കുന്നതാണ് പോലീസ് നടപടി. സംഘര്‍ഷം സര്‍ക്കാരിന്റെ ആസൂത്രിത നീക്കത്തെ തുടര്‍ന്നാണെന്ന ലത്തീന്‍ രൂപതയുടെ ആരോപണം ഗുരുതരമാണ്. അതേക്കുറിച്ചും അന്വേഷിക്കണം. ആര്‍ച്ച്ബിഷപ്പിനും വൈദികര്‍ക്കുമെതിരേ കേസെടുത്ത പോലീസ് സി.പി.എം. പ്രവര്‍ത്തകര്‍ സമരം ചെയ്താല്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരേ കേസെടുക്കാന്‍ തയാറാകുമോയെന്നും അദ്ദേഹം ആരാഞ്ഞു. സമരത്തെ വര്‍ഗീയവത്ക്കരിച്ച് ഇല്ലാതാക്കുകയെന്ന തന്ത്രമാണു സര്‍ക്കാരും സി.പി.എമ്മും പയറ്റിയത്. അദാനിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് വിഴിഞ്ഞം സമരത്തിനെതിരേ സി.പി.എം.- ബി.ജെ.പി. കൂട്ടുകെട്ടുണ്ടാക്കിയത്. വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ ഈ സഖ്യത്തിന് ബന്ധമുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

തുറമുഖ പദ്ധതി നടപ്പാക്കുമ്പോള്‍ തീരശോഷണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നത് മുന്‍കൂട്ടിക്കണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കണമെന്നു നിയമസഭയിലും പുറത്തും നിരവധി തവണ പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിന് പകരം കാലങ്ങളായി സിമെന്റ് ഗോഡൗണില്‍ കിടക്കുന്ന വികസനത്തിന്റെ ഇരകളായവരെ പുനരധിവസിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം സമരത്തിന് യു.ഡി.എഫ്. നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആ പിന്തുണ തുടരുമെന്നും സതീശന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →