തലശ്ശേരി: തലശ്ശേരി ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. എ സി പി. കെ വി ബാബുവിനാണ് അന്വേഷണ ചുമതല. കേസില്‍ ഇതുവരെ ഏഴുപേരെ അറസ്റ്റ് ചെയ്തു. ഇവര്‍ റിമാന്‍ഡിലാണ്. പ്രതികളില്‍ അഞ്ചുപേര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് ഇടപെട്ടവരും രണ്ടുപേര്‍ സഹായികളുമാണെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.ലഹരി മരുന്ന വില്‍പന ചോദ്യം ചെയ്തതാണ് കൊലപാതകത്തിനു കാരണമെന്നാണ് സി പി എം ആരോപണം.
എന്നാല്‍, വ്യക്തിപരമായ കാര്യങ്ങളും സാമ്പത്തിക ഇടപാടും മറ്റും സംഭവത്തിന് പിന്നിലുണ്ടെന്നാണ് പോലീസ് പറയുന്നത്. നവംബർ 23 ന് ബുധനാഴ്ച വൈകീട്ട് നാലോടെയാണ് തലശ്ശേരി സഹകരണ ആശുപത്രിക്ക് സമീപത്ത് വച്ച് സി പി എം പ്രവര്‍ത്തകരായ രണ്ടുപേരെ കൊലപ്പെടുത്തിയത്. സി പി എം നെട്ടൂര്‍ ബ്രാഞ്ച് അംഗം ത്രിവര്‍ണ ഹൗസില്‍ പൂവനാഴി ഷമീര്‍ (40), ബന്ധു തലശ്ശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ ഖാലിദ് (52) എന്നിവരാണ് കൊല്ലപ്പെട്ടത്.

