തിരുവനന്തപുരം: ബിരുദ പഠനം നാലു വര്‍ഷമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. എട്ട് സെമസ്റ്ററായിട്ടായിരിക്കും പാഠ്യപദ്ധതിയെന്ന് മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. കരിക്കുലം കമ്മിറ്റി പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായാണിത്. ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്നവര്‍ക്ക് നേരിട്ട് രണ്ടാംവര്‍ഷ പി ജിക്ക് ചേരാനുള്ള ക്രമീകരണമൊരുക്കുന്ന കാര്യവും ആലോചനയിലുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരിക്കുലം കമ്മിറ്റി പരിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നാളെ മുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന കരിക്കുലം പരിഷ്‌ക്കരണ ശില്‍പശാലയിലായിരിക്കും തീരുമാനം കൈക്കൊള്ളുക.
നിലവാരമുള്ള കരിക്കുലവും സിലബസും ഉറപ്പു വരുത്താനാണ് സംസ്ഥാനതലത്തില്‍ ശില്‍പശാല സംഘടിപ്പിക്കുന്നത്. മാതൃകാ കരിക്കുലം സര്‍വകലാശാലാതലം തൊട്ട് കോളജ് തലങ്ങളില്‍ വരെ ചര്‍ച്ച ചെയ്യും. അവിടെ ഉയരുന്ന ഭേദഗതികൂടി വിലയിരുത്തിയ ശേഷമായിരിക്കും സര്‍വകലാശാലകള്‍ക്ക് പരിഷ്‌കരിച്ച കരിക്കുലം നടപ്പാക്കാനായി നല്‍കുക.

