ന്യൂഡല്‍ഹി: പാര്‍ട്ടിയിലെ എതിരാളിയായ സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് വഞ്ചകന്‍ എന്നു വിളിച്ചത് അപ്രതീക്ഷിതം ആയിരുന്നെന്ന് കോണ്‍ഗ്രസ്. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഗെലോട്ടിന്റെ വഞ്ചകന്‍ പ്രയോഗം.അഭിമുഖത്തില്‍ ഉപയോഗിച്ച ചില വാക്കുകള്‍ അപ്രതീക്ഷിതമായിരുന്നു. പലരും അദ്ഭുതപ്പെട്ടു. പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചചെയ്യും.
ഞങ്ങള്‍ ഒരു കുടുംബമാണ്. കോണ്‍ഗ്രസിന് അശോക് ഗെലോട്ടിനെപ്പോലെ അനുഭവപരിചയമുള്ള നേതാക്കളെയും സച്ചിന്‍ പൈലറ്റിനെപ്പോലെ ഊര്‍ജസ്വലരായ യുവനേതാക്കളെയും ആവശ്യമാണ്.-കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ് പറഞ്ഞു. ഗെലോട്ട് ഉപയോഗിച്ച വാക്കുകളില്‍ താന്‍പോലും അമ്പരന്നെന്നും അദ്ദേഹം പറഞ്ഞു. ചില അഭിപ്രായവ്യത്യാസങ്ങളുണ്ട്. അതു പരിഹരിക്കപ്പെടും. പാര്‍ട്ടിയില്‍ ഭീതിയുടെ അന്തരീക്ഷമില്ല. ആളുകള്‍ അവരുടെ മനസില്‍ വരുന്നതു പറയുന്നു. െഹെക്കമാന്‍ഡ് ഏകാധിപത്യപരമല്ല. സംഘടനയാണു വലുത്. ദക്ഷിണേന്ത്യയിലേതുപോലെ ഭാരത് ജോഡോയാത്ര ഉത്തരേന്ത്യയിലും വിജയമാക്കുക എന്നതാണ് ഇപ്പോള്‍ ഒരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും കടമ.”-ജയ്റാം രമേഷ് പറഞ്ഞു. ഗെലോട്ടിന്റെ കടുത്ത ഭാഷയെ വിമര്‍ശിക്കാത്ത ”സുരക്ഷിത”മായ പ്രസ്താവനയാണ് കോണ്‍ഗ്രസ് പുറപ്പെടുവിച്ചിരുന്നത്. അതില്‍നിന്ന് ഒരു ചുവടു മുന്നോട്ടുപോകുന്നതാണു ജയ്റാം രമേഷിന്റെ ഇന്നലത്തെ പ്രതികരണം. അതിനിടെ, 80 ശതമാനം എം.എല്‍.എമാരും സച്ചിന്‍ പൈലറ്റിനൊപ്പമാണെന്നും അദ്ദേഹത്തേക്കാള്‍ നല്ല രാഷ്ട്രീയ നേതാവില്ലെന്നും സംസ്ഥാനമന്ത്രി രാജേന്ദ്ര സിങ് ഗുദ്ദ പറഞ്ഞു.
80 ശതമാനം എം.എല്‍.എമാര്‍ സച്ചിന്‍ പൈലറ്റിനൊപ്പം ഇല്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അവകാശവാദം ഉപേക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.ഗെലോട്ട് നേരത്തെ തന്നെ അയോഗ്യന്‍ എന്നു വിളിച്ചിട്ടുണ്ടെന്നു ഇന്നലെ രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു. ബി.ജെ.പിക്കെതിരേ ഒന്നിച്ചുനിന്നു പോരാടേണ്ട സമയത്ത് ഇത്തരം ആരോപണങ്ങള്‍ അനാവശ്യമാണ്. ഒരു മുതിര്‍ന്ന നേതാവ് ഇത്തരം കാര്യങ്ങള്‍ പറയുന്നത് അനുചിതമാണ്. തനിക്കു പ്രചാരണച്ചുമതലയുള്ള ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടത്.