സ്‌നേഹഭവനത്തിന്റെ താക്കോല്‍ സ്പീക്കര്‍ കൈമാറി

പിലാത്തറ: സെന്റ് ജോസഫ്‌സ് കോളേജ് നടപ്പിലാക്കിവരുന്ന സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച വീടിന്റെ താക്കോല്‍ കൈമാറ്റം സ്പീക്കര്‍ അഡ്വ. എ. എന്‍ . ഷംസീര്‍ നിര്‍വഹിച്ചു. സാമൂഹിക പ്രതിബദ്ധതയോടെ അങ്ങേയറ്റം മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികളെ സ്പീക്കര്‍ അഭിനന്ദിച്ചു. വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനു മാത്രമല്ല വിദ്യാര്‍ഥികള്‍ക്കും സംഘടനകള്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്നും വികസന പ്രവര്‍ത്തനത്തില്‍ വിദ്യാര്‍ത്ഥികള്‍ സജീവമായി രംഗത്തു വരണമെന്ന് സ്പീക്കര്‍ ആഹ്വാനം ചെയ്യ്തു. കല്യാശേരി എം.എല്‍.എ എം.വിജിന്‍ വിശിഷ്ടാതിഥിയായ ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ കെ. സി മുരളീധരന്‍ അധ്യക്ഷത വഹിച്ചു.

പരിയാരം ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് (തിരുവട്ടൂര്‍) നിവാസിയായ വിധവയായ വായോധികയ്ക്കാണ് വീട് നിര്‍മിച്ചു നല്‍കിയത് .കോളേജിന്റെയും വിദ്യാര്‍ഥികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് വീട് പൂര്‍ത്തീകരിച്ചത്. അരിപ്പാമ്പ്രാ രണ്ടാം വാര്‍ഡ് മെമ്പര്‍ അഷ്‌റഫ് കൊട്ടോല, സ്റ്റാഫ് സെക്രട്ടറി രാജി സി. നായര്‍, കോളേജ് ഫിനാന്‍സ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ ബെന്നി മണപ്പാട്ട്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് നംഷാദ് നാസര്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. വകുപ്പ് മേധാവി ഫാദര്‍ ജോണ്‍സണ്‍ സിമേതി ചടങ്ങില്‍ നന്ദി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →