കോട്ടയം: തരൂർ മുഖ്യാതിഥിയായുള്ള യൂത്ത് കോൺഗ്രസ് പരിപാടിയെ കുറിച്ച് ഡിസിസി അറിഞ്ഞില്ലെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ജില്ലാ പാർട്ടി നേതൃത്വവുമായി ആലോചിച്ച് ഇത്തരമൊരു പരിപാടി നടത്തുന്നതാണ് സംഘടനാ രീതിയെന്നും സുരേഷ് പറഞ്ഞു.
പരിപാടിയെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റോ ജില്ലാ നേതൃത്വമോ പരിപാടി സംബന്ധിച്ച് ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ തന്നോട് പറയുകയോ ആലോചിക്കുകയോ ചെയ്തിട്ടില്ലെന്നും ഇതല്ല സംഘടനാ രീതിയെന്നും നാട്ടകം സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഈരാട്ടുപേട്ടയിൽ 2022 ഡിസംബർ മൂന്നിനാണ് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഫാസിസ്റ്റ് വിരുദ്ധ പരിപാടി നടക്കുന്നത്. ഇതിലെ മുഖ്യാതിഥിയായിട്ടാണ് ശശി തരൂരിനെ നിശ്ചയിച്ചിട്ടുള്ളത്.ഈ പരിപാടിയിലെ പോസ്റ്ററുകളിൽ വി.ഡി സതീശന്റെ ചിത്രം ഇല്ലാതിരുന്നതും നേരത്തെ വിവാദമായിരുന്നു. ഇതോടെ സതീശൻ ഉൾപ്പെടെ കൂടുതൽ നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി പുതിയ പോസ്റ്ററും യൂത്ത് കോൺഗ്രസ് പുറത്തിറക്കിയിരുന്നു.
യൂത്ത് കോൺഗ്രസിന്റെ പ്ലാറ്റ്‌ഫോമിൽ മാത്രം ആലോചിച്ച് നടപ്പാക്കുന്നതാണെന്ന വിശദീകരണവും ഇതുസംബന്ധിച്ച വിവാദങ്ങൾക്ക് മറുപടിയായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസിനെ പൂർണമായും തള്ളി ഡിസിസി നേതൃത്വം രംഗത്തെത്തിയത്.
ശശി തരൂരിനെ പലരും ആയുധമായി ഉപയോഗിക്കുന്നുവെന്നും അനാവശ്യ വിവാദങ്ങൾ പാർട്ടിക്ക് ഗുണകരമാണോ എന്ന് പാർട്ടി പ്രവർത്തകർ തന്നെ ആലോചിക്കണമെന്നും നേരത്തെ തിരുവഞ്ചൂർ രാധാകൃഷൻ പറഞ്ഞിരുന്നു. അതേസമയം, പരിപാടിയുമായി മുന്നോട്ടുപോകുമെന്നു തന്നെയാണ് യൂത്ത് കോൺഗ്രസ് നേതൃത്വം പറയുന്നത്.
ഫാസിസ്റ്റ് വിരുദ്ധ മുദ്രാവാക്യം ഉയർത്തിയുള്ള യൂത്ത് കോൺഗ്രസ് പരിപാടിയിൽ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ തന്നെ എതിർശബ്ദം ഉയർത്തുന്നത് പാർട്ടിക്കിടയിലെ ഭിന്നത പരസ്യമാക്കുകയാണ്. നേരത്തെ കെ-റെയിൽ വിരുദ്ധ സമരം നടക്കുന്ന സമയത്തും ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമായിരുന്നു. പ്രതിപക്ഷ നേതാവ് പങ്കെടുത്ത പരിപാടിയിൽ അന്ന് നാട്ടകം സുരേഷ് പങ്കെടുക്കാതിരുന്നത് വലിയ വാർത്തയായിരുന്നു.

