തിരുവനന്തപുരം: ചലച്ചിത്ര നടനും വോളിബോള്‍ ദേശീയ താരവും ആയിരുന്ന മിഗ്ദാദ് (76) അന്തരിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്നു ചികിത്സയിലിരിക്കെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ 23/11/2022 ഉച്ചയ്ക്കായിരുന്നു അന്ത്യം. കബറടക്കം 24/11/2022 രാവിലെ 11.30 നു കൊല്ലം പോളയത്തോട് ജുമാ മസ്ജിദില്‍. ഭാര്യ: റഫീക്ക മിഗ്ദാദ്. മക്കള്‍: മിറ മിഗ്ദാദ്, റമ്മി മിഗ്ദാദ്. മരുമക്കള്‍: സുനിത് സിയാ, ഷിബില്‍ മുഹമ്മദ്.
സംവിധായകന്‍ സിബി മലയിലിന്റെ ആദ്യ സിനിമയായ ”മുത്താരംകുന്ന് പി.ഒ”യിലെ രാജന്‍പിള്ള എന്ന ഫയല്‍വാന്റെ വേഷമാണ് മിഗ്ദാദിനെ പ്രശസ്തനാക്കിയത്. 1982ല്‍ ”ആ ദിവസം” എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. ആനയ്‌ക്കൊരുമ്മ, പൊന്നും കുടത്തിനും പൊട്ട്, നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍, അദ്ദേഹം എന്ന ഇദ്ദേഹം, സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി, മാന്നാര്‍ മത്തായി സ്പീക്കിങ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. സീരിയലുകളിലും വേഷമിട്ടു.
പോസ്റ്റല്‍ ആന്‍ഡ് ടെലഗ്രാഫ് വകുപ്പില്‍നിന്ന് 2010ല്‍ വിരമിച്ച അദ്ദേഹം പേട്ട അക്ഷരവീഥി മഠത്തുവിളാകം ലെയ്‌നില്‍ എ.വി.ആര്‍.എ. 12-എക്‌സില്‍ ആയിരുന്നു താമസം.

