മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 91.62 പോയന്റ് ഉയര്‍ന്ന് 61,510.58 ലും നിഫ്റ്റി 23.10 പോയന്റ് നേട്ടത്തില്‍ 18,267.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സന്‍സെക്സ് 191 പോയന്റ് ഉയര്‍ന്ന് 61,610 ലും നിഫ്റ്റി 59 പോയന്റ് നേട്ടത്തില്‍ 18,304 ലിലുമാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്സ് 61,781 വരെ ഉയര്‍ന്ന ശേഷമാണ്. 61,511 ല്‍ ക്ലോസ് ചെയ്തത്. ബി.എസ്.ഇയിലെ 1,645 ഓഹരികള്‍ ഇടിഞ്ഞു. 1,850-ലധികം ഓഹരികള്‍ മുന്നേറി. ആഗോള വിപണികളില്‍നിന്നുള്ള അനുകൂല സാഹചര്യമാണ് രാജ്യത്തെ വിപണിയെ ചലിപ്പിച്ചത്.
യു.എസിലെ കടപ്പത്ര ആദായം കുറയുന്നതും ഡോളര്‍ സൂചികയിലെ തളര്‍ച്ചയും ആഗോളതലത്തില്‍ ഓഹരി വിപണികളെ സ്വാധീനിക്കുമെന്നാണു നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. വരും ദിനങ്ങളില്‍ ഇത് വിപണിക്ക് ഗുണകരമാകുമെന്നും കണക്കാക്കപ്പെടുന്നു. മൂന്നു വ്യാപാര ദിനങ്ങളില്‍ വിദേശ നിക്ഷേപകര്‍ അറ്റവില്പനക്കാരായിരുന്നു. വിപണിയിലെ സ്ഥിരതയ്ക്കായി അവര്‍ കാത്തിരിക്കുകയാണെന്നുവേണം കരുതാന്‍.
അപ്പോളോ ഹോസ്പിറ്റല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എച്ച്.ഡി.എഫ്.സി ലൈഫ്, എസ്.ബി.ഐ, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. അദാനി എന്റര്‍പ്രൈസസ്, പവര്‍ഗ്രിഡ് കോര്‍പ്, അദാനി പോര്‍ട്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര ഓഹരികള്‍ നഷ്ടം നേരിട്ടു.സെന്‍സെക്സിലെ 30 ഓഹരികളില്‍ എസ്.ബി.ഐ, ബജാജ് ഫിനാന്‍സ്, ഡോ.റെഡ്ഡീസ് എന്നിവ ഓരോ ശതമാനത്തിലധികം നേട്ടത്തോടെയാണ് അവസാനിച്ചത്. മറുവശത്ത്, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഒരു ശതമാനത്തിലധികം ഇടിഞ്ഞു.
മൂലധന സമാഹരണ ഓപ്ഷനുകള്‍ പരിഗണിക്കുന്നതിനായി ഈ മാസം 25 ന് ബോര്‍ഡ് യോഗം ചേരുമെന്ന് കമ്പനി അറിയിച്ചതിനു പിന്നാലെ നിഫ്റ്റി 50 ല്‍, അദാനി എന്റര്‍പ്രൈസസ് 3 ശതമാനത്തിലധികംഇടിവാണ് നേരിട്ടത്. നിഫ്റ്റി പി.എസ്.യു. ബാങ്കും നിഫ്റ്റി മീഡിയയും ഒരു ശതമാനത്തിലധികം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി മെറ്റല്‍ 0.4 ശതമാനം ഇടിഞ്ഞു. ബി.എസ്.ഇ സ്മോള്‍ക്യാപ് സൂചിക നേരിയ തോതില്‍ മികച്ച പ്രകടനം കാഴ്ചവച്ചു, 0.5 ശതമാനം ഉയര്‍ന്നാണ് സ്മോള്‍ക്യാപ് സൂചിക വ്യാപാരം അവസാനിപ്പിച്ചത്. ബി.എസ്.ഇ മിഡ്ക്യാപ് സൂചിക 0.2 ശതമാനം ഉയര്‍ന്നു.

