ക്വലാലംപുര്‍: ഇന്തോനീഷ്യയിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 268 ആയി ഉയര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതം. പശ്ചിമ ജാവയിലെ ജനസാന്ദ്രതയേറിയ സിയാന്‍ജുര്‍ പ്രവിശ്യയിലാണ് ഭൂകമ്പം വന്‍നാശം വിതച്ചത്. ഇവിടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 22/11/2022 നിരവധി മൃതദേഹങ്ങള്‍ പുറത്തെടുത്തതോടെയാണു മരണസംഖ്യ കുതിച്ചത്.മരിച്ചവരില്‍ ഏറെയും വിദ്യാര്‍ഥികളാണെന്ന് ഇന്തോനീഷ്യന്‍ അധികൃതര്‍ പറഞ്ഞു.
പതിവ് അധ്യയനത്തിനുശേഷം ഇസ്ലാമിക് സ്‌കൂളുകളില്‍ എക്സ്ട്രാ ക്ലാസില്‍ പങ്കെടുത്ത കുട്ടികളാണ് ദുരന്തത്തില്‍പ്പെട്ടവരില്‍ അധികവും. റോഡിലേക്കടക്കം കെട്ടിടങ്ങള്‍ നിലംപൊത്തിയത് രക്ഷാദൗത്യത്തിനും വെല്ലുവിളിയായി.ജീവനോടെ കുടുങ്ങിക്കിടക്കുന്നവര്‍ക്കു സമീപത്തേക്ക് എത്താന്‍പോലും രക്ഷാപ്രവര്‍ത്തകര്‍ ബുദ്ധിമുട്ടുകയാണ്. 21 ന് ഉച്ചകഴിഞ്ഞാണ് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രതയില്‍ ഭൂകമ്പമുണ്ടായത്. ദേശീയ ദുരന്ത നിവാരണ ഏജന്‍സിയുടെ കണക്കനുസരിച്ച് 151 പേരെ ഇനിയും കണ്ടെത്താനുണ്ട്.
1,083 പേര്‍ക്കാണു പരുക്കേറ്റത്. ജനബാഹുല്യത്തില്‍ വലയുന്ന ആശുപത്രികളില്‍ പരുക്കേറ്റവരെ പ്രവേശിപ്പിക്കാന്‍ പോലും കഴിയുന്നില്ല. പുറത്ത് താല്‍ക്കാലിക കൂടാരങ്ങള്‍ നിര്‍മിച്ചാണ് പരുക്കേറ്റവരെ ചികിത്സിക്കുന്നത്.