തൃശൂര്‍: ശ്രീ കേരളവര്മകോളജിലെ വിവാദ അധ്യാപകനിയമനം സംബന്ധിച്ച പരാതിയില്‍ സര്‍ക്കാര്‍ എന്തു നിലപാടെടുക്കുമെന്ന് ഉറ്റുനോക്കി മാനേജ്മെന്റ്. സ്വന്തം നിലയില്‍ തീരുമാനമെടുക്കേണ്ടെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ കോളജ് മാനേജ്മെന്റായ കൊച്ചിന്‍ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് തേടിയിരിക്കുകയാണ്. എന്നാല്‍, സര്‍ക്കാര്‍ തീരുമാനമുണ്ടാകാന്‍ വൈകുമെന്നാണ് സൂചന. കോളജില്‍ ഇതുമായി ബന്ധപ്പെട്ടുണ്ടായ നടപടികള്‍ സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉപസമിതിയെ കൊണ്ട് അന്വേഷിപ്പിച്ചു. ഇവരുടെ പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് അയച്ചു. വിശദമായ അന്വേഷണം ആവശ്യമെന്നു കണ്ടാല്‍ അതിലേക്കും കടക്കുമെന്നാണ് സൂചന.
പൊളിറ്റിക്സ് ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള റാങ്ക് ലിസ്റ്റില്‍ രണ്ടാംറാങ്കുകാരനായ എസ്.എഫ്.ഐക്കാരന് നിയമനം നല്കാന് ഒന്നാംറാങ്കുകാരിയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വകുപ്പ്മേധാവിയും അനര്‍ഹ നിയമനപട്ടികയുണ്ടാക്കാന് കൂട്ടുനിന്നുവെന്ന് രേഖാമൂലം പരാതിയുണ്ട്. ഇതോടെ നിയമനപ്രക്രിയ തടസപ്പെട്ടു. ഒന്നാംറാങ്കുകാരിയുടെ മൊഴിയെടുക്കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നു ആവശ്യമുയര്‍ന്നു. ഇതില്‍ പോലീസാണ് തീരുമാനമെടുക്കേണ്ടത്.
കഴിഞ്ഞദിവസം മാനേജ്മെന്റ് വിളിച്ച അനുരഞ്ജനയോഗത്തില്‍ സമരം പിന്‍വലിക്കാന്‍ എസ്.എഫ്.ഐ. സമ്മതമറിയിച്ചതോടെ തല്‍ക്കാലത്തേക്ക് വെടിനിര്‍ത്തലായി. വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് തടസപ്പെടാതിരിക്കാന്‍ അതിഥി അധ്യാപകരുടെ സേവനം വിട്ടുനല്‍കും.
വകുപ്പ് മേധാവിക്ക് എതിരേ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗം പരാതിപ്പെട്ടതോടെയാണ് വിഷയം കത്തിയാളിയത്. മറ്റൊരു ജോലി ലഭിച്ചതിനാല്‍ കേരളവര്‍മയിലെ ജോലിയില്‍ പ്രവേശിക്കില്ലെന്ന് ഒന്നാംറാങ്കുകാരി മാനേജ്മെന്റിന് കത്ത് നല്‍കിയത് സമ്മര്‍ദം ചെലുത്തിയാണെന്ന് പറയുന്നു. ഭീഷണിപ്പെടുത്തിയതു സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നതിനാല്‍ മാനേജ്മെന്റും ഈ വിഷയത്തില്‍ ഇടപെടില്ല.

