നെടുമ്പാശേരി: ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ സിയാല്‍ മെറ്റാരു ബൃഹദ് സംരംഭത്തിനു തുടക്കമിടുന്നു. സിയാലിന്റെ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഡിസംബർ 10 ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും.
രാജ്യത്തെ ആദ്യത്തെ ചാര്‍ട്ടര്‍ ഗേറ്റ്‌വേ എന്ന ആശയമാണ് ബിസിനസ് ജെറ്റ് ടെര്‍മിനലിലൂടെ സാക്ഷാത്കരിക്കുന്നത്. ബിസിനസ് ജെറ്റ് സര്‍വീസുകള്‍, വിനോദസഞ്ചാരം, ബിസിനസ് സമ്മേളനങ്ങള്‍ എന്നിവയെ സമന്വയിപ്പിക്കാനുള്ള വേദിയായി ചാര്‍ട്ടര്‍ ഗേറ്റ് വേ പ്രവര്‍ത്തിക്കും.
താരതമ്യേന കുറഞ്ഞ ചെലവില്‍ ബിസിനസ് ജെറ്റ് യാത്ര സാധ്യമാക്കുക എന്ന പദ്ധതിയും സിയാല്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. നിലവില്‍ സിയാല്‍ രണ്ട് ടെര്‍മിനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്; ആഭ്യന്തര യാത്രയ്ക്കു ടെര്‍മിനല്‍ ഒന്നും രാജ്യാന്തര യാത്രയ്ക്കു ടെര്‍മിനല്‍ മൂന്നും. രണ്ടാം ടെര്‍മിനലില്‍ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ, രാജ്യത്തു സ്വകാര്യ ജെറ്റ് ടെര്‍മിനലുകള്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് വിമാനത്താവളങ്ങളിലൊന്നായി സിയാല്‍ മാറും. ബിസിനസ് ജെറ്റ് ടെര്‍മിനലിന് 40,000 ചതുരശ്രയടി വിസ്തീര്‍ണമാണ്. സ്വകാര്യ കാര്‍ പാര്‍ക്കിങ് ഇടം, ഡ്രൈവ് ഇന്‍ പോര്‍ച്ച്, ഗംഭീരമായ ലോബി, സൗകര്യസമൃദ്ധമായ അഞ്ച് ലോഞ്ചുകള്‍, ബിസിനസ് സെന്റര്‍, ചെക്ക്-ഇന്‍, ഇമിഗ്രേഷന്‍, കസ്റ്റംസ്, ഹെല്‍ത്ത്, സെക്യൂരിറ്റി സംവിധാനങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഫോറിന്‍ എക്‌സ്‌ചേഞ്ച് കൗണ്ടര്‍, അത്യാധുനിക വീഡിയോ കോണ്‍ഫറന്‍സിങ്‌സംവിധാനം എന്നിവയും ബിസിനസ് ജെറ്റ് ടെര്‍മിനലില്‍ ഒരുക്കിയിട്ടുണ്ട്. അതിസുരക്ഷ ആവശ്യമുള്ള വി.ഐ.പി. അതിഥികള്‍ക്കു സേഫ് ഹൗസുമുണ്ട്.
കുറഞ്ഞ ചെലവില്‍ ബിസിനസ് ജെറ്റ് യാത്ര ഒരുക്കുക എന്ന ആശയം സാക്ഷാത്കരിക്കപ്പെടുകയാണെന്നു സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു.
മറ്റു സവിശേഷതകള്‍:
- രാജ്യാന്തര, ആഭ്യന്തര ബിസിനസ് ജെറ്റ് ഓപ്പറേഷനുകള്‍ക്കു സജ്ജം.
- അഞ്ച് ലോഞ്ചുകള്‍, ബിസിനസ് സെന്റര്‍, ഡ്യൂട്ടി ഫ്രീ ഷോപ്പ്, വിദേശ നാണയ വിനിമയ കൗണ്ടര്‍, അത്യാധുനിക വീഡിയോ കോണ്‍ഫറന്‍സിങ് കേന്ദ്രം.
- കാറില്‍നിന്നു വിമാനത്തിലേക്കു രണ്ട് മിനിറ്റില്‍ എത്താം; രാജ്യത്തെ ഏറ്റവും കുറഞ്ഞ ദൂരം.
- നിര്‍മാണം പൂര്‍ത്തിയായത് വെറും 10 മാസംകൊണ്ട്. ചെലവ് 30 കോടി രൂപ.