ഹരിപ്പാട് കുടിവെള്ള പദ്ധതിയുടെ അനുമതികള്‍ വേഗത്തിലാക്കാന്‍ തീരുമാനം

ആലപ്പുഴ: ഹരിപ്പാട് നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികളുടെ അവലോകന യോഗം രമേശ് ചെന്നിത്തല എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മണ്ഡലത്തില്‍ 17 കോടി രൂപ മുടക്കി നിര്‍മിച്ച റവന്യൂ ടവറിന്റെ എസ്റ്റേറ്റ് ഓഫീസറായി പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കാന്‍ യോഗം തീരുമാനിച്ചു. റവന്യൂ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദ്ദേശ പ്രകാരമാണ് ഇത് നടപ്പാക്കുന്നത്. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ സമഗ്ര കാര്‍ഷിക വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘ഹരിതം ഹരിപ്പാട്’ പദ്ധതി മാര്‍ച്ച് 31-നു മുന്നേ പൂര്‍ത്തിയാക്കണമെന്ന് കെ.എല്‍.ഐ.ഡി.സി. ക്ക് നിര്‍ദേശം നല്‍കി. 560 കോടി രൂപ ചെലവിലുള്ള ഹരിപ്പാട് കുടിവെള്ള പദ്ധതിയുടെ ഡിസ്ട്രിബ്യൂഷന്‍ ലൈന്‍, ടാങ്ക് നിര്‍മാണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന അനുമതി തുടങ്ങിയവയുടെ നടപടിക്രമകങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കായംകുളം കായല്‍ വഴി ഓര് വെള്ളം കയറിയുണ്ടാകുന്ന കൃഷിനാശം തടയാന്‍  ആവശ്യമായ ഷട്ടറുകള്‍ ഡിസംബര്‍ 15-ന് മുന്നെ സ്ഥാപിക്കാന്‍ ജലസേചന വകുപ്പിന് എം.എല്‍.എ. നിര്‍ദേശം നല്‍കി. അപകട ഭീഷണി നേരിടുന്ന തൃക്കുന്നപ്പുഴ കെ.വി. ജെട്ടിയിലെ തൂക്കുപാലം അറ്റകുറ്റപ്പണികള്‍ നടത്തി പുനസ്ഥാപിക്കാന്‍ ദുരന്തനിവാരണ വകുപ്പിനെ  ചുമതലപ്പെടുത്തി.  ജില്ല കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ, ജില്ല പഞ്ചായത്ത് അംഗം ജോണ്‍ തോമസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →