മോസ്‌കോ: യുക്രൈനിലുടനീളം മിസൈല്‍ ആക്രമണം ശക്തമാക്കി റഷ്യ. കഴിഞ്ഞ ആഴ്ച യുക്രൈന്‍ നടത്തിയ കനത്ത തിരിച്ചടിയില്‍ പകച്ചു പോയ റഷ്യന്‍ സൈന്യം തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. റഷ്യ യുദ്ധതന്ത്രം മാറ്റുന്നുവെന്ന സൂചനയാണ് വര്‍ധിക്കുന്ന മിസൈല്‍ ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.ഡാനിപ്രോ നഗരത്തിലെ എണ്ണ ശുദ്ധീകരണശാലയും മിസൈല്‍ ഫാക്ടറിയും ആക്രമണത്തില്‍ തകര്‍ന്നു. നാലു പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്കു പരുക്കേറ്റു. എന്നാല്‍, ആക്രമണത്തെ സംബന്ധിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല.
നിക്കോപോള്‍ നഗരത്തില്‍ 70 ലധികം ഷെല്ലുകള്‍ പതിച്ചതായി യുക്രൈന്‍ സര്‍ക്കര്‍ സ്ഥിരീകരിച്ചു. ആയിരങ്ങള്‍ ഭവനരഹിതരായതായും െവെദ്യുതി, ജലവിതരണ സംവിധാനങ്ങള്‍ തകര്‍ന്നായും റിപ്പോര്‍ട്ടുണ്ട്.ഒഡേസ, ഖാര്‍ക്കീവ് നഗരങ്ങളിലും ശക്തമായ ആക്രമണമുണ്ടായി. തലസ്ഥാനമായ കീവില്‍ ഒരു തവണ മിസൈല്‍ ആക്രമണമുണ്ടായതായും വിവരമുണ്ട്. അതേസമയം, രണ്ടു റഷ്യന്‍ ക്രൂസ് മിസൈലുകളും ഇറാന്‍ നിര്‍മിത ഡ്രോണും യുക്രൈന്‍ സൈന്യം വെടിവച്ചിട്ടു.
യുദ്ധ മുന്നണിയിലെ പരാജയത്തിന് സാധാരണ ജനങ്ങളോട് റഷ്യ പകവീട്ടുകയാണെന്ന് യുക്രൈന്‍ പ്രസിഡന്റിന്റെ വക്താവ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യയുടെ യുക്രൈന്‍ അധിനിവേശം അടിമുടി പാളിയെന്ന വിലയിരുത്തലിലാണ് പ്രതിരോധ വിദഗ്ധര്‍. റഷ്യന്‍ സൈന്യത്തിന്റെ എല്ലാ ബലഹീനതകളും കഴിഞ്ഞ എട്ടു മാസത്തിനിടെ പുറത്തായി.ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ശക്തിയായി കരുതപ്പെടുന്ന റഷ്യ യുക്രൈനിലെ വീഴ്ചകളുടെ പേരില്‍ വലിയ വിമര്‍ശനമാണു നേരിടുന്നത്.