ചെന്നൈ: തമിഴ്നാട് പുതുക്കോട്ടയില്‍ ക്ഷേത്രമോഷണം ആരോപിച്ചു ആള്‍ക്കൂട്ടം നടത്തിയ ആക്രമണത്തില്‍ ബാലികയ്ക്ക് ദാരുണാന്ത്യം. കുട്ടിയുടെ മാതാപിതാക്കളെയും സഹോദരന്മാരെയും പോലീസെത്തി രക്ഷപ്പെടുത്തി. കൂടല്ലൂര്‍ സ്വദേശി സത്യനാരായണ സ്വാമിയുടെ (48) കുടുംബത്തിനു നേരെയായിരുന്നു ആക്രമണം. സ്വാമിയുടെ മകള്‍ കര്‍പ്പകാംബാളാണ് (10) മരിച്ചത്. സ്വാമിയുടെ ഭാര്യ ലില്ലി പുഷ്പ (38), മൂന്ന് ആണ്‍മക്കള്‍ എന്നിവര്‍ക്കു ഗുരുതരമായി പരുക്കേറ്റു. കില്ലന്നൂര്‍ ക്ഷേത്രത്തിലെ മോഷണം സംബന്ധിച്ചു പുറത്തുവന്ന വാട്ട്സ്ആപ്പ് സന്ദേശമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്ന സംഘമാണ് മോഷണത്തിനു പിന്നിലെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ മച്ചുവടിക്കു സമീപത്തുവച്ച് ഒരു സംഘമാളുകള്‍ തടഞ്ഞു.
മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുടുംബത്തെ പോലീസെത്തി ആശുപത്രിയിലേക്കു മാറ്റി. ചികിത്സയിലിരിക്കെയാണ് കര്‍പ്പകാംബാളിന്റെ മരണം. ക്ഷേത്രസന്ദര്‍ശനത്തിനിറങ്ങിയ തങ്ങളെ ആക്രമിക്കുകയായിരുന്നെന്നാണ് ലില്ലി പുഷ്പ പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്.

