ശ്രദ്ധ വാള്‍കര്‍ വധം: അഫ്താബിന് നുണ പരിശോധന

ന്യൂഡല്‍ഹി: ശ്രദ്ധ വാള്‍കര്‍ വധക്കേസിലെ പ്രതി അഫ്താബ് പുനെവാലെയെ നുണപരിശോധനയ്ക്കായി നാര്‍കോ അനാലിസിസ് ടെസ്റ്റ് നടത്താന്‍ അനുമതി. പ്രതിയുടെ പോലീസ് കസ്റ്റഡി അഞ്ചുദിവസത്തേക്കു കൂടി നീട്ടി.ശ്രദ്ധയുടെ മൊെബെല്‍ ഫോണ്‍, മൃതദേഹം വെട്ടിമുറിക്കാന്‍ ഉപയോഗിച്ച കത്തി തുടങ്ങിയ തെളിവുകള്‍ കണ്ടെത്തേണ്ടതിനാല്‍ കസ്റ്റഡി നീട്ടണമെന്നു പോലീസ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മേയില്‍ ഡല്‍ഹിയിലേക്കു വരുംമുമ്പ് ഇരുവരും അവധി ആഘോഷിച്ച ഹിമാചല്‍പ്രദേശിലെ പാര്‍വതി താഴ്വരയില്‍ തെളിവെടുപ്പ് നടത്താനും പോലീസ് ആലോചിക്കുന്നുണ്ട്.

കഴിഞ്ഞ മേയിലാണ് ഒപ്പം താമസിച്ചിരുന്ന ശ്രദ്ധ(26)യെ അഫ്താബ് (28) കൊലപ്പെടുത്തിയത്. മൃതദേഹം വെട്ടിമുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം അവശിഷ്ടങ്ങള്‍ പല ഭാഗങ്ങളായി തള്ളുകയായിരുന്നു.അഫ്താബിന്റെ മൊഴിയിലെ പൊരുത്തകേടുകള്‍ക്കു പരിഹാരം തേടിയാണു പോലീസ് നാര്‍കോ അനാലിസ് ആവശ്യപ്പെട്ടത്. കൊലപാതകം നടന്ന് ആറു മാസത്തിലേറെയാതിനാല്‍ കേസിലെ വിവിധ കാര്യങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ അഫ്താബ് വലിച്ചെറിഞ്ഞു എന്നു പറയുന്ന കാട്ടില്‍നിന്ന് 13 എല്ലുകളാണ് പോലീസ് കണ്ടെടുത്തത്. ഇതു ഡി.എന്‍.എ. പരിശോധനയ്ക്ക് അയച്ചു.

കൊലപാതകത്തിനുശേഷം ശ്രദ്ധയുടെ മുഖം കത്തിച്ചു കളഞ്ഞെന്നാണ് അഫ്താബിന്റെ മൊഴി. പക്ഷേ, തലയോട്ടി ഇനിയും ലഭിച്ചിട്ടില്ല. കണ്ടെടുത്ത എല്ലുകള്‍ ശ്രദ്ധയുടേതു തന്നെയാണോ എന്ന് അറിയാന്‍ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇരുവരും താമസിച്ചിരുന്ന ഫ്ളാറ്റില്‍ നിന്നു ലഭിച്ച രക്തക്കറയും പരിശോധനയ്ക്കായി അയച്ചു. ശ്രദ്ധയുടെ പിതാവിന്റെ ഡി.എന്‍.എ സാംപിളുകളും പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.ഒരാഴ്ചയോളമായി ശ്രദ്ധയുമായി വഴക്കിട്ടതായി അഫ്താബ് സമ്മതിച്ചിട്ടുണ്ട്. വീട്ടുചെലവുകള്‍ ആരു നടത്തുമെന്നുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീട്ടുസാധനങ്ങള്‍ വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം പിന്നീട് പല വിഷയങ്ങളിലേക്കു മാറുകയും തുടര്‍ന്ന് രാത്രിയോടെ കൊലപാതകം നടന്നെന്നുമാണു മൊഴി. അതിനിടെ, അഫ്താബിനെ ഹാജരാക്കാനിരുന്ന കോടതിക്കു മുന്നില്‍ അഭിഭാഷകര്‍ തടിച്ചുകൂടി. അഫ്താബിനെ തൂക്കിലേറ്റണമെന്ന മുദ്രാവാക്യം അവര്‍ മുഴക്കി. അക്രമം ഭയന്ന് പോലീസ് വീഡിയോ കോള്‍ വഴിയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. സംഭവത്തില്‍ ലൗ ജിഹാദ് ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →