മീനച്ചിലാറ്റിലെ വെള്ളപ്പൊക്കം: പഠനത്തിന് 9.55 ലക്ഷം രൂപ

തിരുവനന്തപുരം: മീനച്ചിലാറില്‍ നീരൊഴുക്ക് തടസപ്പെടുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്താനും അശാസ്ത്രീയ നിര്‍മിതകള്‍ അടക്കമുള്ളവ പരിശോധിക്കാനുമായി പഠനം നടത്താന്‍ മീനച്ചില്‍ റിവര്‍ വാലി പദ്ധതിയുടെ ഭാഗമായി 9.55 ലക്ഷം രൂപ അനുവദിച്ചു. പാലാ പട്ടണം അടക്കമുള്ള പ്രദേശങ്ങളില്‍ വര്‍ഷ കാലത്ത് വെള്ളപ്പൊക്കം പതിവാകുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

മഴക്കാലത്ത് പുഴയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം പടിഞ്ഞാറന്‍ മേഖലയിലെ പാടശേഖരങ്ങളിലൂടെയും കൈവഴികളിലൂടെയുമാണു വേമ്പനാട് കായലില്‍ പതിക്കുന്നത്. ഇപ്പോള്‍ നീരൊഴുക്ക് സുഗമമല്ലാത്തതിനാലാണു ജനവാസ മേഖലകളില്‍ വെള്ളപ്പൊക്കമുണ്ടാകുന്നതെന്നാണു പ്രാഥമിക വിലയിരുത്തല്‍. വെള്ളം കൃത്യമായി കായലിലേക്ക് പോകാത്തതാണ് പാലാ ടൗണ്‍ അടക്കം ഉയര്‍ന്ന മേഖലകളിലെ വെള്ളപ്പൊക്കത്തിന് കാരണം.

പാലാ മുതല്‍ വേമ്പനാട് കായല്‍ വരെ മുഴുവന്‍ കൈവഴികളും പഠനവിധേയമാക്കും. മീനച്ചിലാറില്‍ അടിഞ്ഞു കൂടിയിരിക്കുന്ന എക്കലും മറ്റു തടസങ്ങളും സംബന്ധിച്ച് പഠിക്കും. ഇതോടൊപ്പം ഒഴുക്ക് തടസപ്പെടുത്തുന്ന അശാസ്ത്രീയ നിര്‍മിതികളുണ്ടോയെന്നും പരിശോധിക്കും. ഏതെല്ലാം രീതിയിലാണ് ഒഴുക്ക് തടസപ്പെടുന്നത് എന്നാകും പഠനത്തില്‍ കണ്ടെത്തുക. ഒഴുകിയെത്തുന്ന വെള്ളം അഴിമുഖത്തുനിന്ന് കായലിലേക്ക് പോകുന്നതിനു തടസങ്ങളുണ്ടോയെന്നും പരിശോധിക്കും. കനാല്‍, ഡ്രെയിനേജ് ശൃംഖലകളില്‍ സമ്പൂര്‍ണ പഠനം നടത്താനാണു നിര്‍ദേശം.

മീനച്ചിലാറ്റില്‍ പാലായ്ക്കു മുകളിലുള്ള ഭാഗത്ത് മുന്‍പ് പഠനം നടത്തിയിരുന്നു. താഴേക്ക് ആദ്യമായാണ് ഇത്തരമൊരു പഠനം നടക്കുന്നതെന്നും അഞ്ചു മാസത്തിനുള്ളില്‍ സമഗ്ര റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനന്തര നടപടികള്‍ സ്വീകരിക്കും. വരും കാലങ്ങളില്‍ പാലാ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ ആവിഷ്‌കരിക്കും. മീനച്ചിലാറിന്റെ ഇടിഞ്ഞു പോകുന്ന ഭാഗങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതോടൊപ്പം അരുണാപുരം റെഗുലേറ്റര്‍ നവീകരിച്ച് പുനര്‍ നിര്‍മിക്കുമെന്നും മന്ത്രി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →