തിരുവനന്തപുരം: കോര്‍പ്പറേഷന്‍ താല്‍ക്കാലിക നിയമനങ്ങളില്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ പട്ടിക ആവശ്യപ്പെട്ട് സി.പി.എം. ജില്ലാ സെക്രട്ടറിക്ക് വിവാദ കത്ത് അയച്ചെന്ന ആരോപണം നേരിടുന്ന തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരേ പ്രതിഷേധിച്ച കെ.എസ്.യു. പ്രവര്‍ത്തകനെ മര്‍ദിച്ചതില്‍ എം.എ.എയുടെ പഴ്‌സണല്‍ സ്റ്റാഫും എന്ന് പരാതി.
ആര്യയുടെ ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എയുടെ സ്റ്റാഫ് അംഗം അബിന്‍ സത്യനും മര്‍ദിക്കാനുള്ളവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നെന്നാണു പരാതി. ഇതു സംബന്ധിച്ച് എം. വിന്‍സന്റ് എം.എല്‍.എ. സ്പീക്കര്‍ക്ക് പരാതി നല്‍കി. ഇക്കഴിഞ്ഞ എട്ടിന് മുടവന്‍മുഗളിലുള്ള ആര്യയുടെ വീടിനു മുന്നില്‍ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ കെ.എസ്.യു. പ്രവര്‍ത്തകന്‍ എസ്.കെ. അരുണിന് മര്‍ദനമേറ്റിരുന്നു. എം.വിന്‍സന്റ് എം.എല്‍.എയാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ശമ്പളം പറ്റുന്ന പഴ്‌സണല്‍ സ്റ്റാഫ് അംഗം ചെയ്തത് ക്രിമിനല്‍ കുറ്റവും ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമാണെന്ന് സ്പീക്കര്‍ക്കുള്ള പരാതിയില്‍ പറയുന്നു.