തിരുവനന്തപുരം: പാൽവില കൂട്ടാതെ മറ്റുവഴിയില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. എത്ര രൂപ കൂട്ടണമെന്ന് മിൽമയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റത്തിൽ ജനം പൊറുതി മുട്ടുമ്പോഴാണ്, പാൽവില കൂത്തനെ കൂട്ടാൻ മിൽമ ഒരുങ്ങുന്നത്. പാൽ വിലയും, ഉൽപ്പാദനചിലവും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടിയാണ് മിൽമയുടെ നടപടി. ഒമ്പത് രൂപയോളം പാൽ വില കൂട്ടണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്യാനാണ് മിൽമയുടെ തീരുമാനം. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് ഈ മാസം അവസാനമാകും വില വർദ്ധന നടപ്പിലാക്കുക.
വിഷയം പഠിച്ച വെറ്റിനറി, കാർഷിക സർവകലാശാലകളിലെ വിദഗ്ധർ പാൽ വില പത്ത് രൂപയോളം കൂട്ടണമെന്ന് ഇടക്കാല റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പാൽവില കുത്തനെ കൂട്ടാൻ മിൽമ ഒരുങ്ങുന്നത്. ഒരു ലിറ്റർ പാൽ ഉൽപ്പാദിപ്പിക്കുമ്പോൾ, കർഷകന് എട്ട് രൂപ 57 പൈസയുടെ നഷ്ടം നേരിടുന്നുണ്ട്. ഇത് നികത്താനാണ് വിലവർധന എന്നാണ് മിൽമയുടെ വിശദീകരണം. 2019 സെപ്തംബർ 19 നാണ് മിൽമ പാലിന്റെ വില അവസാനമായി കൂട്ടിയത്. നാല് രൂപയായിരുന്നു അന്നത്തെ വർദ്ധന. 2022 ജൂലൈ 18 ന് പാൽ ഉത്പന്നങ്ങൾക്കും മിൽമ വില കൂട്ടിയിരുന്നു

