കുട്ടികളെ കേൾക്കണമെന്ന് കുരുന്നുകൾ, കാതോർക്കാൻ സമയം കണ്ടെത്താമെന്ന് മന്ത്രിയുടെ ഉറപ്പ്

*മാസത്തിൽ രണ്ട് തവണ കുട്ടികൾക്ക് മന്ത്രി വീണാ ജോർജുമായി സംവദിക്കാം

തങ്ങളെ കേൾക്കാൻ മുതിർന്നവർ സമയം കണ്ടെത്തുന്നതാണ് കുട്ടികൾക്ക് ഏറ്റവും പ്രയപ്പെട്ടതെന്ന് മന്ത്രി വീണാ ജോർജിന് മുൻപിൽ നിന്ന് ‘കുട്ടി പ്രസിഡന്റ്’ നന്മ.എസ് പറഞ്ഞതോടെ മുഴുവൻ കുരുന്നുകളുടെയും വാക്കുകൾക്ക് കാതോർക്കാൻ സമയം കണ്ടെത്താമെന്ന് മന്ത്രി ഉറപ്പ് നൽകി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാനതല ശിശുദിനാഘോഷ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിനിടെയാണ് കുട്ടികളുടെ വാക്കുകൾക്ക് കാതോർക്കാൻ മുതിർന്നവർ സമയം കണ്ടെത്തുന്നില്ലെന്ന പരാതി നന്മ പരോക്ഷമായി അവതരിപ്പിച്ചത്.  ഇതിന് ഉടനടി മന്ത്രി പരിഹാരവും കണ്ടു, മാസത്തിൽ രണ്ടു തവണ കുട്ടികൾക്ക് മന്ത്രിയോട് സംസാരിക്കാൻ അവസരം ലഭിക്കും. കുട്ടികളുടെ പ്രയാസങ്ങൾ, പരാതികൾ, ആശയങ്ങൾ തുടങ്ങിയവയെല്ലാം പങ്കുവെക്കാം. 15 ദിവസത്തിലൊരിക്കൽ എന്ന രീതിയിലാണ് കുട്ടികൾക്ക് മന്ത്രിയോട് സംസാരിക്കാൻ അവസരം ലഭിക്കുക.

കുട്ടികളുടെ പ്രസംഗങ്ങൾ സമൂഹത്തിലെ വിവിധ സംഭവ വികാസങ്ങളിലേക്കും വിരൽചൂണ്ടുന്നതായിരുന്നു. ലഹരി ഉപഭോഗം, അന്ധവിശ്വാസം, അനാചാരം എന്നിവ തുടച്ചുനീക്കി ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തുന്നതിനുള്ള നീക്കങ്ങളാണ് കുട്ടികളുടെ വികസനത്തിന് അനിവാര്യമെന്നതായിരുന്നു കുട്ടികളുടെ പ്രസംഗത്തിന്റെ ചുരുക്കം.

ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ജയപാൽ മുഖ്യമന്ത്രിയുടെ കുട്ടികൾക്കുള്ള സന്ദേശം വേദിയിൽ വായിച്ചു. ‘കൈകോർക്കാം ലഹരിക്കെതിരെ’ എന്ന സന്ദേശത്തോടെ പുറത്തിറക്കിയ  ഈ വർഷത്തെ ശിശുദിന സ്റ്റാമ്പ് മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു.  സ്റ്റാമ്പ് രൂപകൽപന ചെയ്ത ബാലരാമപുരം നസ്രേത്ത്ഹോം സ്‌കൂളിലെ അക്ഷയ് ബി എ, വിഷയം തിരഞ്ഞെടുത്ത കണ്ണൂർ അണ്ടല്ലൂർ സീനിയർ സ്‌കൂളിലെ അശ്വിൻ കൃഷ്ണ എന്നിവരെ മന്ത്രി വേദിയിൽ ആദരിച്ചു. 

കുട്ടികളുടെ പ്രധാനമന്ത്രി കവടിയാർ ക്രൈസ്റ്റ് നഗർ സ്‌കൂൾ വിദ്യാർഥിനി മിന്ന രഞ്ജിത്, കുട്ടികളുടെ പ്രസിഡന്റ് വഞ്ചിയൂർ ഹോളി ഏഞ്ചൽസ് സി.ബി.എസ്.ഇ സ്‌കൂളിലെ നന്മ എസ്, കുട്ടികളുടെ സ്പീക്കർ കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസിലെ ഉമ എസ്, സമ്മേളനത്തിന് സ്വാഗതമാശംസിച്ച ശിശുവിഹാർ യു.പി.സ്‌കൂളിലെ പാർവണേന്ദു പി.എസ്, യോഗത്തിന് കൃതജ്ഞത പറഞ്ഞ കാർമൽ ഗേൾസ് എച്ച്.എസ്.എസ് ഗൗതമി എസ്, സ്വാഗത ഗാനമാലപിച്ച ദേവനന്ദൻ, കുട്ടികളുടെ പരിശീലകൻ പള്ളിപ്പുറം ജയകുമാർ എന്നിവരെയും മന്ത്രി ആദരിച്ചു. ശിശുദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്നേഹോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെയും സ്‌കൂളുകളെയും ആദരിച്ചു. ശിശുദിന റാലിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വെള്ളായണി ലിറ്റിൽ ഫ്ളവർ കോൺവന്റ് സ്‌കൂളിലെ വിദ്യാർഥികളെയും ആദരിച്ചു.

 പരിപാടിയിൽ അധ്യക്ഷതവഹിച്ച വി.കെ പ്രശാന്ത് എം.എൽ.എ, ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി മനോജ് കുമാർ എന്നിവരും പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →