മലപ്പുറം: ഇനിമുതല്‍ സ്‌കൂള്‍ വാഹനങ്ങള്‍ നിയമ ലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ടാല്‍ പിഴ അടച്ച് തടിയൂരാനാകില്ല. പിഴക്ക് പുറമെ നിയമനടപടിയും സ്‌കൂള്‍ അധികൃതര്‍ നേരിടേണ്ടിവരും. അപാകത കണ്ടെത്തുന്ന സ്‌കൂള്‍ ബസിന്റെ വാഹന ഉടമ എന്ന നിലയില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
നിയമലംഘനം നടത്തിയ 17 സ്‌കൂള്‍ വാഹനങ്ങളുടെ ഉടമയായ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ജില്ലാ കലക്ടര്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞമാസം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധനയില്‍ ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 1200 സ്‌ക്കൂള്‍ വാഹനങ്ങള്‍ പരിശോധിച്ചതില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 72 സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. അപാകത കണ്ടെത്തിയ നാല് സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കി. വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ഉറപ്പ് വരുത്തുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്ന നിലപാടിലാണ് അധികൃതര്‍.