പറവൂര്‍: ‘ഒരു നായരല്ലേ, ജയിച്ചോട്ടെയെന്നേ കരുതിയുള്ളൂ. എന്നാല്‍, ജയിച്ചുവന്നശേഷം ആദ്യം പറഞ്ഞത് ഒരു സാമുദായിക നേതാക്കളുടെയും തിണ്ണനിരങ്ങുന്ന സമ്പ്രദായമില്ലെന്നാണ്’ -പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പരാമര്‍ശിച്ച് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയുടെ വാക്കുകള്‍. എന്‍.എസ്.എസ്. പറവൂര്‍ താലൂക്ക് യൂണിയന്റെ നവീകരിച്ച ഓഫീസ് മന്ദിരം സന്ദര്‍ശിച്ചശേഷം ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു ജി. സുകുമാരന്‍ നായര്‍.
തിരഞ്ഞെടുപ്പിനുമുമ്പ് വി.ഡി. സതീശന്‍ ചങ്ങനാശ്ശേരിയില്‍വന്ന് തന്റെയടുത്തിരുന്ന് ഒന്നരമണിക്കൂറോളം സംസാരിച്ചിരുന്നു. ജയിപ്പിക്കണമെന്നായിരുന്നു ആവശ്യം. അപ്പോള്‍തന്നെ താന്‍ പറവൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് എല്ലാ വീടുകളിലും പോയി പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒരു നായരല്ലേ, ജയിച്ചോട്ടെയെന്നേ കരുതിയുള്ളൂ. എന്നാല്‍, ജയിച്ചശേഷം ആദ്യം പറഞ്ഞത് ഒരു സാമുദായിക നേതാക്കളുടെയും തിണ്ണനിരങ്ങാറില്ലെന്നാണ്.അയാളുടെ ഭാവിക്കു വേണ്ടിയെങ്കിലും ഈ നിലപാട് ഇനി തിരുത്തണം. അല്ലെങ്കില്‍ രക്ഷപ്പെടില്ല. ജനിച്ച സമുദായത്തെ സ്‌നേഹിക്കാത്തവര്‍ ആരായാലും രക്ഷപ്പെടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.