ഉന്നത വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ മാറ്റത്തിന് തയ്യാറെടുത്ത് സംസ്ഥാന സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്തെ 14 സർവകലാശകളുടെയും നാഥനായ ഗവർണർക്ക് പകരം അഞ്ച് ചാൻസലർമാരെ നിയമിക്കുന്ന സുപ്രധാന ഓർഡിനൻസിനാണ് സർക്കാർ രൂപം നൽകുന്നത്. . ഓർഡിനൻസ് നടപ്പായാൽ കുസാറ്റ്, കെടിയു, ഡിജിറ്റൽ സർവകലാശാല എന്നിവയ്ക്ക് ഒറ്റ ചാൻസലറും കണ്ണൂർ, കാലിക്കറ്റ്, മലയാളം, സംസ്കൃത, മഹാത്മഗാന്ധി, കേരള സർവകലാശാലകൾക്ക് ഒരു ചാൻസലറും കാർഷിക, ഫിഷറീസ്, വെറ്ററിനറി സർവകലാശാലക്ക് ഒറ്റ ചാൻസലറും ശ്രീനാരായണ ഓപ്പൺ സർവകാലാശാല, ആരോഗ്യസർവകലാശാല എന്നിവയ്ക്ക് ഒന്നു വീതം ചാൻസലർമാരും ചുമതലയേൽക്കും. ഒന്നിന് പകരം അഞ്ച് ചാൻസിലർമാരെ നിയമിക്കുകയെന്നതാണ് സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ. കൂടുതൽ ചർച്ചകൾക്ക് ശേഷമേ പട്ടികയിൽ അന്തിമ തീരുമാനമാകൂ.

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റി സർവകലാശാലകളിലെ ഇടപെടലിന് ശാശ്വത പരിഹാരം കാണാനുള്ള സിപിഐഎം രാഷ്ട്രീയ നീക്കമാണ് ഈ തീരുമാനത്തിനു പിന്നിൽ. ഇതിന് സിപിഐഎം സംസ്ഥാന സമിതി പച്ചക്കൊടി കാട്ടിയതോടെയാണ് ഓർഡിനൻസുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചത്. 14 സർവകലാശാലകളിൽ ഗവർണർ അദ്ദേഹത്തിന്റ പദവി മുഖാന്തിരം ചാൻസലർ കൂടിയായിരിക്കും എന്ന വകുപ്പ് നീക്കം ചെയ്ത്, കരട് ഓർഡിനൻസിലെ വകുപ്പ് പകരം ചേർത്തുകൊണ്ട് ഓർഡിനൻസ് പുറപ്പെടുവിക്കാനാണ് ശുപാർശ ചെയ്തത്. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കി പകരം മന്ത്രിമാരെയോ വിദഗ്ധരെയോ നിയമിക്കാമെന്ന് സംസ്ഥാന സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു.

പുഞ്ചി കമ്മിഷൻ നിർദേശത്തെ കൂട്ടുപിടിച്ചാണ് സംസ്ഥാന സർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ പദവിയിൽ നിന്ന് മാറ്റാനുള്ള നീക്കം നടത്തുന്നത്. ഭരണഘടനയിൽ നിക്ഷിപ്തമായ ചുമതലകൾ നിറവേറ്റേണ്ട ഗവർണറെ സർവകലാശാലകളുടെ തലപ്പത്ത് ചാൻസലറായി നിയമിക്കുന്നത് ഉചിതമാവില്ലെന്ന് കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ചാൻസലർ പദവിയിൽ അക്കാദമിക് രംഗത്തെ അതിപ്രഗത്ഭരെ നിയമിക്കാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.

തന്നെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുന്ന ഓർഡിനൻസ് ഗവർണർ ഒപ്പുവെക്കുമോ എന്നതാണ് ഇനിയുള്ള സസ്‌പെൻസ്. ​ഗവർണർ ഓർഡിനൻസിൽ ഒപ്പുവച്ചില്ലെങ്കിൽ അത് ബില്ലായി പാസാക്കുന്നതിന് 2022 ഡിസംബർ 5 മുതൽ 15 വരെ നിയമസഭാ സമ്മേളനം ചേരാനാണ് ആലോചന. അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്റെ തീയതി തീരുമാനിച്ചേക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →