നെടുമ്പാശ്ശേരി: വ്യാജ യാത്രാരേഖകൾ നിർമിച്ച് യുവതികളെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തേയ്ക്ക് കടത്താൻ ശ്രമിച്ച കേസിൽ ഏജന്റ് അറസ്റ്റിൽ. തമിഴ്നാട് തിരുവില്വാമല ചെങ്ങം സ്വദേശി ഫസലുള്ള (53) ആണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.
2022 ജുൺ 15-നാണ് വ്യാജ യാത്രാരേഖകളുമായി കുവൈത്തിലേയ്ക്ക് പോകാനെത്തിയ തമിഴ്നാട്, ആന്ധ്ര സ്വദേശിനികളായ ഏഴുപേരെ നെടുമ്പാശ്ശേരിയിൽ പിടികൂടിയത്. ഫസലുള്ളയാണ് ആളുകളെ കണ്ടെത്തി യാത്രാരേഖകൾ തയ്യാറാക്കി നൽകുന്നത്.സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന യുവതികളെയാണ് വിദേശത്തേയ്ക്ക് കൊണ്ടുപോകുന്നത്.
വീട്ടുജോലിക്കാണെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. ടൂറിസ്റ്റ് വിസയാണ് ഇവർക്ക് നൽകിയത്. ഇവർക്ക് നൽകിയ റിട്ടേൺ ടിക്കറ്റ് വ്യാജമായിരുന്നു.പാസ്പോർട്ടിൽ കൃത്രിമം നടത്തിയിട്ടുമുണ്ടായിരുന്നു. യുവതികളെ ഗൾഫിലെത്തിച്ച് അവിടെയുള്ള ഏജന്റിന് കൈമാറുകയായിരുന്നു ഇയാൾ ഉൾപ്പെടുന്ന സംഘത്തിന്റെ ലക്ഷ്യം. തമിഴ്നാട്ടിലെ ഉൾഗ്രാമത്തിലാണ് ഫസലുള്ള താമസിക്കുന്നത്.
നിരവധി യുവതികൾ ഇയാളുടെ ചതിയിൽപ്പെട്ട് വിദേശത്ത് അകപ്പെട്ടതായാണ് സൂചന. തമിഴ്നാട് പോലീസിന്റെ സഹായത്തോടെ സാഹസികമായാണ് ഏജന്റിനെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി. വി. രാജീവ്, എസ്.ഐ.മാരായ ടി.എം. സൂഫി, സന്തോഷ് ബേബി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ്, ലിജോ തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടിച്ചത്

