തിരുവനന്തപുരം: കോർപറേഷനിലെ നിയമനങ്ങൾ സി.പി.എമ്മിന് വിട്ടുകൊടുത്ത മേയർക്കെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താൻ . പൊലീസിന്റെ ജോലിയുമായി ഡി.വൈ.എഫ്‌ഐയും സി.പി.എമ്മും ഇറങ്ങിയിരിക്കുകയാണ്. പാർട്ടി തന്നെ കോടതിയും പൊലീസും പബ്ലിക് സർവീസ് കമ്മിഷനും എംപ്ലോയ്‌മെന്റ് എക്‌സേഞ്ചും ആകുകയാണ്. എസ്.ഐയും പൊലീസുകാരനും നോക്കി നിൽക്കുമ്പോഴാണ് പ്രിൻസിപ്പലിന്റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയത്. എന്നിട്ടും പൊലീസ് ഒരു നടപടിയുമെടുത്തില്ല. മേയർക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യുക്കാരെ റോഡിലിട്ട് ചവിട്ടിക്കൂട്ടിയതും പൊലീസ് നോക്കി നിൽക്കുമ്പോഴാണ്.
സ്‌കോട്ട്ലന്റ് യാഡിനെ വെല്ലുന്ന കേരളത്തിലെ പൊലീസ് എ.കെ.ജി സെന്ററിൽ അടിമപ്പണിയെടുക്കുകയാണ്. പൊലീസിനെ പൂർണമായും എ.കെ.ജി സെന്ററിന് പണയപ്പെടുത്തിയിരിക്കുകയാണ്. ഡി.ജി.പിക്കും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും എ.കെ.ജി സെന്ററിൽ നിന്നും പറയുന്ന പണിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു അക്രമവും നടത്താതെ സമരം ചെയ്ത മൂന്ന് കെ.എസ്.യു പ്രവർത്തകരെ 07/11/2022 റിമാൻഡ് ചെയ്തു. പൊലീസ് കമ്മിഷണർ ഉൾപ്പെടെയുള്ളവർ പാർട്ടി ഓഫീസിൽ നിന്നും എഴുതിക്കൊടുത്ത പേരനുസരിച്ചാണ് മൂന്നു പേരെയും റിമാൻഡ് ചെയ്തത്. റിമാൻഡിലായ കുട്ടികൾ ഏതെങ്കിൽ അക്രമത്തിൽ ഏർപ്പെട്ടിണ്ടുണ്ടെന്ന് തെളിയിക്കാൻ പൊലീസിനെ വെല്ലുവിളിക്കുകയാണ്. തുടർഭരണത്തിന്റെ അഹങ്കാരവും ധാർഷ്ട്യവുമാണ് സർക്കാരിന്. എല്ലാം പാർട്ടി അണികൾക്ക് വിട്ടുകൊടുത്ത് മുഖ്യമന്ത്രി ഉറങ്ങുകയാണ്. സി.പി.എമ്മുകാരാണ് ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞാൽ കേൾക്കാത്ത പൊലീസുകാർ, പാർട്ടി നേതാക്കൾ പറയുന്നത് മാത്രമെ പൊലീസ് അനുസരിക്കൂവെന്ന അവസ്ഥയാണ്.
തിരുവനന്തപുരം കോർപറേഷനിൽ നടന്ന നിയമന അഴിമതി മൂടിവയ്ക്കാനാകില്ല. ഈ അദ്ധ്യായം അടഞ്ഞെന്നാണ് സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത്. എം.വി ഗോവിന്ദൻ പറഞ്ഞാൽ അടയുന്ന അധ്യായമല്ലത്. കേരളത്തിൽ എല്ലാ വകുപ്പികളിലും ഇതുപോലുള്ള അഴിമതി നിയമനങ്ങൾ നടന്നിട്ടുണ്ട്. പാർട്ടി ഓഫീസിൽ നിന്ന് കത്ത് കൊടുത്ത് വ്യവസായ വകുപ്പിലുൾപ്പെടെ ആയിരക്കണക്കിന് അനധികൃത നിയമനങ്ങൾ നടത്തി. സംസ്ഥാനത്ത് നടന്ന എല്ലാ അനധികൃത നിയമനങ്ങളെക്കുറിച്ചും പഠിച്ച് അതിന്റെ പൂർണവിവരങ്ങൾ പുറത്ത് വിടാൻ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്