കൊച്ചി:പാറശാല മുര്യങ്കര സ്വദേശി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാന്‍ കേരള പോലീസിനും തമിഴ്നാട് പോലീസിനും സാധ്യതകളുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കി.പ്രതി ഗ്രീഷ്മയുടെ വീടുള്ള രാമവര്‍മന്‍ചിറ തമിഴ്നാട്ടിലായതിനാല്‍, കേസ് തമിഴ്നാട് പോലീസിനു കൈമാറണോ എന്നതില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉണ്ടായതോടെയാണ് വീണ്ടും നിയമോപദേശം തേടിയത്. നേരത്തെ തിരുവനന്തപുരം ഡി.ഡി.പി. നിയമോപദേശം നല്‍കിയിരുന്നു. അതിനിടെ, തമിഴ്നാട്ടിലേക്കു മാറ്റി കേസന്വേഷണം അട്ടിമറിക്കാനാണ് നീക്കമെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് വീണ്ടും നിയമോപദേശം തേടിയത്. കൊല്ലപ്പെട്ടയാളുടെ വീടും മരണം നടന്ന സ്ഥലവും കേരളത്തിലായതിനാല്‍,ഇവിടെ അന്വേഷിക്കാന്‍ നിയമതടസമില്ലെന്നാണ് എ.ജി. ഓഫീസിന്റെ നിലപാട്.
കേസന്വേഷണം കൈമാറണമെങ്കില്‍ ഇരു സംസ്ഥാനത്തെയും ഡി.ജി.പിമാര്‍ തമ്മില്‍ ചര്‍ച്ചചെയ്തു തീരുമാനിക്കുകയാണ് സാധാരണ നടപടി. എന്നാല്‍, കോടതി നിര്‍ദേശിക്കാത്തിടത്തോളം കേസന്വേഷണം കൈമാറേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.ഗ്രീഷ്മയുടെ വീട് തമിഴ്നാട്ടിലെ പളുകല്‍ സ്റ്റേഷന്‍ പരിധിയിലാണ്. കേരള അതിര്‍ത്തിയില്‍ നിന്നു മീറ്ററുകള്‍ മാത്രം അകലെ. ഷാരോണിന്റെ വീട് കേരളത്തിലും. ഈ വീട്ടില്‍ വച്ചാണ് ഗൂഢാലോചനയും കൊലപാതക ശ്രമവും നടന്നത്. ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്കു ക്ഷണിച്ചാണ് കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കിയതെന്നാണു പ്രതികളുടെ മൊഴി. കുറ്റകൃത്യം നടന്നതു അവിടെയായതിനാലാണ്, തമിഴ്നാട് പോലീസാണ് അന്വേഷിക്കേണ്ടതെന്ന വാദമുയര്‍ന്നത്.
ഗ്രീഷ്മയുടെ വീടിനു പരിസരത്തു നിന്നാണ് വിഷക്കുപ്പി കണ്ടെടുത്തത്. ഗ്രീഷ്മയുടെ അമ്മാവനാണു വിഷക്കുപ്പി പോലീസിനു കാണിച്ചുകൊടുത്തത്. ഷാരോണും ഗ്രീഷ്മയും ജ്യൂസ് കുടിയ്ക്കുന്ന സ്ഥലവും തമിഴ്നാട്ടിലാണ്. എന്നാല്‍, ഇതൊന്നും അന്വേഷണം കൈമാറാന്‍ മതിയായ കാരണമല്ലെന്നാണ് ഡി.ജി.പിയുടെ വിലയിരുത്തല്‍.ഷാരോണിന്റെ മരണത്തില്‍ പാറശാല പോലീസിലാണ് പരാതി ലഭിച്ചതും കേസ് രജിസ്റ്റര്‍ ചെയ്തതും. പിന്നീടു ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. മൂന്നു പ്രതികളെ കേരള പോലീസ് അറസ്റ്റ് ചെയ്തു. പിന്നീടാണ് അതിര്‍ത്തിപ്രശ്നം ഉയര്‍ന്നുവന്നത്. തമിഴ്നാട് പോലീസും കേരള പോലീസില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പരാതി ലഭിയ്ക്കാത്തതിനാല്‍, തമിഴ്നാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

