സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ മാതൃകയില്‍ ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും കൂട്ടപിരിച്ചുവിടലിനു ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നടപടിയില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകാന്‍ ഇടയുണ്ടെന്നാണ് ‘ദ് വാള്‍ സ്ട്രീറ്റ് ജേണലി’ന്റെ റിപ്പോര്‍ട്ട്. ബുധനാഴ്ചയ്ക്കു മുന്‍പായി മെറ്റ ഇതുസംബന്ധിച്ചുള്ള പ്രസ്താവന പുറത്തിറക്കിയേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, റിപ്പോര്‍ട്ടിനെ കുറിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈ വര്‍ഷം ഓഹരി വിപണിയില്‍ കനത്ത തിരിച്ചടിയാണ് മെറ്റ നേരിട്ടത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പരസ്യ വരുമാനത്തിലെ കുറവും എതിരാളികളായ ‘ടിക്ടോക്കി’ല്‍നിന്നുള്ള മത്സരം കടുത്തതുമാണ് തിരിച്ചടിയായത്. ഡിജിറ്റല്‍ പരസ്യ വിപണിയിലെ മാന്ദ്യം മെറ്റയെ മാത്രമല്ല, എതിരാളികളായ ഗൂഗിള്‍, ട്വിറ്റര്‍ എന്നിവയെയും ബാധിച്ചു. കമ്പനി നടത്തുന്ന നിക്ഷേപങ്ങളുടെയും നിയമനങ്ങളുടെയും വേഗം കുറയ്ക്കുകയാണെന്നു മെറ്റ സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.ആഗോള സാമ്പത്തികമാന്ദ്യം, സ്വകാര്യതാ നയത്തില്‍ ആപ്പിള്‍ കൊണ്ടുവന്ന മാറ്റങ്ങള്‍, നിയന്ത്രണ ചട്ടങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ തുടങ്ങിയവ മൂലമുള്ള പ്രതിസന്ധികളും കമ്പനി നേരിടുന്നുണ്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായി പുതിയ നിയമനങ്ങളും പദ്ധതികളും നിര്‍ത്തിവെച്ച് ജീവനക്കാരെ പുനഃക്രമീകരിക്കുകയാണ് കുറച്ചുകാലമായി കമ്പനി ചെയ്യുന്നത്.
എന്‍ജിനീയര്‍മാരുടെ നിയമനം 30 ശതമാനത്തോളം വെട്ടിക്കുറയ്ക്കാന്‍ ജൂണില്‍ തന്നെ കമ്പനി പദ്ധതിയിട്ടിരുന്നു.ജീവനക്കാരുടെ നിയമനത്തിലും മുതല്‍മുടക്കിലും കുറവ് വരുത്തണമെന്ന് മെറ്റയുടെ ഷയര്‍ ഹോള്‍ഡറായ ആള്‍ട്ടീമീറ്റര്‍ ക്യാപിറ്റല്‍ മാനേജ്മെന്റ് സുക്കര്‍ബര്‍ഗിനയച്ച തുറന്ന കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ആഗോള സാമ്പത്തികമാന്ദ്യം ടെക് കമ്പനികളെ കുറച്ചൊന്നുമല്ല ബാധിച്ചിട്ടുള്ളത്. മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, സ്നാപ് തുടങ്ങിയ കമ്പനികള്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ജോലിക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തുന്ന നടപടികള്‍ സ്വീകരിച്ചുവരികയാണ്.ട്വിറ്റര്‍ മാതൃകയില്‍ പല പ്രമുഖ കമ്പനികളും കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ലോക കോടീശ്വരനായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു ശേഷമുള്ള രണ്ടാംഘട്ട പിരിച്ചുവിടലില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഓഫീസുകളില്‍നിന്നായി ആകെ 3700 പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. പിരിച്ചുവിടല്‍ പ്രക്രിയയുടെ ഭാഗമായി ഓഫീസുകള്‍ തല്‍ക്കാലത്തേക്ക് അടച്ചു. ഇന്ത്യയില്‍ മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ് വിഭാഗങ്ങളിലെ എല്ലാവരെയും പിരിച്ചുവിട്ടു. ഇന്ത്യയില്‍ മാത്രം ഏകദേശം ഇരുനൂറോളം പേര്‍ക്കാണ് ജോലി നഷ്ടമായത്.

