മുല്ല ഒമറിന്റെ കബറിടം: രഹസ്യം പുറത്തുവിട്ട് താലിബാന്‍

കാബൂള്‍: ഒടുവില്‍ ആ രഹസ്യം പുറത്തുവിട്ട് താലിബാന്‍. സംഘടനയുടെ സ്ഥാപകന്‍ മുല്ല ഒമറിന്റെ കബറിടം എവിടെയെന്നു താലിബാന്‍ വെളിപ്പെടുത്തി. മുല്ല ഒമര്‍ മരിച്ച് ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണിത്.സാബുള്‍ പ്രവിശ്യയില്‍ സുരി ജില്ലയില്‍ ഒമാര്‍സോയിലാണ് ഒമറിന്റെ കബറിടമെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. കഴിഞ്ഞ ദിവസം കബറിടത്തില്‍ നടന്ന ചടങ്ങില്‍ താലിബാന്റെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തതായും വക്താവ് അറിയിച്ചു.പച്ച ലോഹകൂടുകൊണ്ടു മറച്ച, വെള്ള ഇഷ്ടികകൊണ്ടുള്ള ലളിതമായ കബറിടത്തിനു ചുറ്റും താലിബാന്‍ നേതാക്കള്‍ നില്‍ക്കുന്ന ചിത്രവും പുറത്തുവിട്ടു.1993-ലാണ് മുല്ലാ ഒമര്‍ താലിബാന്‍ സ്ഥാപിച്ചത്. 2001-ല്‍ യു.എസിന്റെ അഫ്ഗാന്‍ അധിനിവേശത്തെത്തുടര്‍ന്ന് താലിബാന് അധികാരം നഷ്ടപ്പെട്ടിരുന്നു. ഇതിനുശേഷം, മുല്ല ഒമര്‍ എവിടെ എന്നതിനെച്ചൊല്ലിയും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. മുല്ല ഒമര്‍ മരിച്ച് രണ്ടു വര്‍ഷത്തിനുശേഷം 2015 ഏപ്രിലിലാണു ഒമര്‍ മരിച്ചതായി താലിബാന്‍ സമ്മതിച്ചത്. 55-ാം വയസിലായിരുന്നു മരണം.യു.എസ്. അധിനിവേശകാലത്ത് ശത്രുക്കള്‍ കബറിടം തകര്‍ക്കുമോ എന്ന ആശങ്കകൊണ്ടാണു സ്ഥലം രഹസ്യമാക്കി വച്ചതെന്നും ഇനി കബറിടത്തിലേക്ക് സന്ദര്‍ശകരെ അനുവദിക്കുമെന്നും താലിബാന്‍ വക്താവ് പറഞ്ഞു. ഇതുവരെ ഒമറിന്റെ കുടുംബാംഗങ്ങള്‍ക്കു മാത്രമേ സ്ഥലം അറിയാമായിരുന്നുള്ളൂ. യു.എസ്. സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നു പിന്‍വാങ്ങിയതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ താലിബാന്‍ വീണ്ടും അധികാരം പിടിച്ചെടുത്തിരുന്നു.

Share
അഭിപ്രായം എഴുതാം