15 വർഷത്തിനുശേഷം പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: തീരദേശത്തെ നടുക്കിയ കൊലപാതകക്കേസിൽ ഒളിവിലായിരുന്ന രണ്ടാംപ്രതി 15 വർഷത്തിനുശേഷം അറസ്റ്റിലായി. കൂരിക്കുഴി കോഴിപ്പറമ്പിൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ക്ഷേത്രത്തിനകത്ത് തുള്ളിക്കൊണ്ടിരുന്ന കോമരം കോഴിപ്പറമ്പിൽ ഷൈനിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കൂരിക്കുഴി കിഴക്കേ വീട്ടിൽ ഗണപതി എന്നു വിളിക്കുന്ന വിജീഷാണ് (38) അറസ്റ്റിലായത്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കണ്ണൂർ ആയിക്കര ഹാർബറിൽ നിന്ന് ഇയാളെ പിടികൂടിയത്.

2007 മാർച്ച് 27-നായിരുന്നു സംഭവം. മറ്റ് അഞ്ച് പ്രതികളും പിടിയിലായി ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുകയാണ്. പോലീസ് പിടികൂടുമെന്ന ഘട്ടമെത്തിയപ്പോൾ രണ്ടാംപ്രതിയായ ഗണപതി ബെംഗളൂരുവിലേക്ക് രക്ഷപ്പെട്ടു. അവിടെ ബന്ധുവിന്റെ സഹായത്തോടെ ബേക്കറിയിൽ ഒളിവിൽ കഴിയുകയായിരുന്നു. വൈകാതെ കേരളത്തിലെത്തി അപ്പൻ എന്ന വ്യാജ പേരിൽ കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ മീൻപിടിത്ത തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. ഇയാൾ കേരളത്തിലുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചതോടെ ഏതാനും മാസങ്ങളായി പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചു. കൂടുതൽ സമയം കടലിൽ കഴിഞ്ഞിരുന്ന ഗണപതിയെ കണ്ടെത്താനായി പോലീസ് സംഘം മത്സ്യത്തൊഴിലാളികളുടെ വേഷത്തിൽ തുറമുഖത്ത് താമസിച്ചു. കണ്ണൂർ ജില്ലയിലെ ആയിക്കരയിൽ ഇയാൾ എത്തുമെന്നറിഞ്ഞ പോലീസ് അവിടെ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

എസ്.ഐ.മാരായ പി.സി. സുനിൽ, എ.എ. മുഹമ്മദ് റാഫി, എ.എസ്.ഐ. സി.ആർ. പ്രദീപ്, സി.കെ. ബിജു, സി.പി.ഒ. എ.ബി. നിഷാന്ത് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

കടലിലും കരയിലുമായുള്ള നീണ്ട പതിനഞ്ചുവർഷത്തെ ഒളിവു ജീവിതത്തിനുശേഷമാണ് ഗണപതി പോലീസിന്റെ വലയിലായത്. തീരമേഖലയെ വിറപ്പിച്ച ഗുണ്ടാസംഘത്തിന്റെ സാന്നിധ്യം തെളിയിക്കുംവിധമാണ് കൂരിക്കുഴി കോഴിപ്പറമ്പിൽ ക്ഷേത്രത്തിലെ ഉത്സവദിവസം രാത്രിയിൽ കൊലപാതകം നടന്നത്. ക്ഷേത്രത്തിൽ തുള്ളിക്കൊണ്ടിരുന്ന കോമരം ഷൈനെ ആറംഗ ഗുണ്ടാസംഘം കയറി, വാൾ പിടിച്ചുവാങ്ങി കൊലപ്പെടുത്തുകയായിരുന്നു.

നെയ്മീൻ പിടിത്തത്തിൽ വിദഗ്ദ്ധനായ ഗണപതി കാസർകോട് കീഴൂർ മീൻപിടിത്ത തുറമുഖത്തെത്തി വ്യാജപേരിൽ ജോലിചെയ്ത് വരുകയായിരുന്നു. തുടർന്ന് ബേക്കൽ തുറമുഖത്തെത്തി മീൻപിടിത്തത്തിന് പോകുകയും അനാഥനെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവിടെനിന്ന് വിവാഹം കഴിക്കുകയും ചെയ്തു. ഇവിടെ ജോലി കുറഞ്ഞതോടെയാണ് കണ്ണൂർ ആയിക്കര ഹാർബറിലെത്തിയത്.

ഒഴുക്കുവല ഉപയോഗിച്ചുള്ള മീൻപിടിക്കുന്നതിൽ സമർഥനായ ഇയാൾ ആഴ്ചകളോളം കടലിൽ കഴിയുമായിരുന്നു. ഡിവൈ.എസ്.പി. സലീഷ് എൻ. ശങ്കരൻ മതിലകം എസ്.ഐ. ആയിരുന്ന കാലത്തായിരുന്നു കൊലപാതകം നടന്നത്. പിന്നീട് ഡിവൈ.എസ്.പി.യായി കൊടുങ്ങല്ലൂരിലെത്തിയപ്പോഴാണ് കേസിലെ രണ്ടാംപ്രതിക്കായി അന്വേഷണം ഊർജിതമാക്കിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →