കോഴഞ്ചേരി: മംഗളൂരു എ.ജെ.ഇൻസ്റ്റിറ്റ്യൂട്ടിൽ അവസാനവർഷ എം.ബി.ബി.എസ്. വിദ്യാർഥിയായിരുന്ന രോഹിത് രാധാകൃഷ്ണൻ 2014 മാർച്ച് 22-നാണ് മരിച്ചത്. രോഹിത്തിന് എന്തോ അപകടം പറ്റിയെന്ന് മാത്രമാണ് കോളേജിൽ നിന്ന് അറിയിച്ചത്. ഏക മകൻ രോഹിത് എങ്ങനെയാണ് മരിച്ചതെന്ന് അറിയണം, ദൂരൂഹത നീക്കിത്തരണം. ഈ ആവശ്യവുമായി കോഴഞ്ചേരി കുഴിക്കാല മേപ്പുറത്ത് (തണ്ണിശ്ശേരിൽ) അഡ്വ. രാധാകൃഷ്ണൻ നടത്തിയ എട്ടുവർഷത്തെ നിയമപോരാട്ടം ഫലം കണ്ടു. രോഹിത്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സുപ്രീംകോടതി സി.ബി.ഐ.യെ ഏല്പിച്ചത് കഴിഞ്ഞ ദിവസമാണ്.
സി.ഐ.ഡി.യുടെയും കർണാടക പോലീസിന്റെയും ഇതുവരെയുള്ള വീഴ്ചകൾ ചൂണ്ടിക്കാട്ടിയുമാണ് കോടതിവിധി വന്നത് . ബൈക്ക് അപകടത്തിൽ പരിക്കേറ്റ് രോഹിത് മരിച്ചെന്നാണ് ആശുപത്രി അധികൃതർ ധരിപ്പിച്ചത്. മോർച്ചറിയിലെത്തുമ്പോൾ വീട്ടുകാർ കണ്ടത് ഉടലിൽ നിന്ന് തല വേർപെട്ട നിലയിലുള്ള രോഹിത്തിന്റെ ശരീരമാണ്. മൂർച്ചയുള്ള എന്തോ ഉപകരണംകൊണ്ടാണ് തല വേർപെടുത്തിയതെന്ന് മൃതദേഹംകണ്ട ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു.എന്നാൽ, ബൈക്കപകടത്തിലാണ് മരിച്ചതെന്ന് പോലീസ് തറപ്പിച്ച് പറഞ്ഞു.
രോഹിത് സഞ്ചരിച്ചിരുന്ന ബൈക്ക്, മുമ്പ് താമസിച്ചിരുന്ന ഹോസ്റ്റലിലെ മലയാളി സുഹൃത്തിന്റേതാണ്. ഇയാളടക്കമുള്ള മലയാളി സുഹൃത്തുക്കളും ഹോസ്റ്റൽ വാർഡൻ കൂടിയായ ഫോറൻസിക് സയൻസ് പ്രൊഫസറുംകൂടി നിരന്തരം രോഹിത്തിനെ റാഗ് ചെയ്തിരുന്നു. ഇതോടെ വാടകവീടെടുത്ത് മാറി. റാഗ് ചെയ്തയാളുടെ ബൈക്ക് രോഹിത് എങ്ങനെ ഓടിച്ചെന്നാണ് വീട്ടുകാർ ഉന്നയിച്ച പ്രധാന സംശയങ്ങളിലൊന്ന്. ഹോസ്റ്റലിലെ പ്രശ്നക്കാരായ മലയാളിസുഹൃത്തുക്കളുടെ കൈയിലായിരുന്നു രോഹിത് താമസിച്ച വീടിന്റെ താക്കോലെന്ന് രാധാകൃഷ്ണൻ പറയുന്നു.
രോഹിത് ഭക്ഷണം വാങ്ങാൻ പോയപ്പോൾ അപകടമുണ്ടായെന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. അതേസമയം, രോഹിത്തിന്റെ കാറിൽ വസ്ത്രങ്ങളും പുസ്തകങ്ങളും ചെരിപ്പുംസഹിതം പഴയ ഹോസ്റ്റലിന് മുൻപിൽ കിടക്കുകയായിരുന്നു. ബൈക്ക് അപകടത്തിൽ മരിച്ചയാളുടെ ചെരിപ്പും തുണിയും മറ്റും കാറിൽ എങ്ങനെവന്നെന്നായിരുന്നു രാധാകൃഷ്ണന്റെ ചോദ്യം. എന്നിട്ടും പോലീസ് കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല