തലശ്ശേരി: കാർ ചാരിനിന്ന കുട്ടിയെ തലശ്ശേരിയിൽ ചവിട്ടിത്തെറിപ്പിച്ച കേസ് തുടക്കത്തിൽ കൈകാര്യം ചെയ്തതിൽ പ്രഥമദൃഷ്ട്യാ പോലീസിന് വീഴ്ചപറ്റിയെന്ന് എസ്.പി.യുടെ അന്വേഷണ റിപ്പോർട്ട്. റൂറൽ എസ്.പി. പി.ബി. രാജീവ് ആണ് വകുപ്പുതല അന്വേഷണം നടത്തിയത്.
അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ വീഴ്ചകൾ: പ്രതിയെ സ്റ്റേഷനിൽ എത്തിച്ചിട്ടും സ്റ്റേഷൻ ഹൗസ് ഓഫീസർ എം. അനിൽ, സ്റ്റേഷൻ ജി.ഡി. ചാർജ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. സുരേഷ് എന്നിവർ സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ട് നടപടി സ്വീകരിക്കാതെ പ്രതിയെ വിട്ടയച്ചു.
സ്റ്റേഷൻ മൊബൈൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. വരീഷ് കുമാർ സ്ഥലത്ത് പോയിരുന്നെങ്കിലും സംഭവത്തിന്റെ ഗൗരവം ഉൾക്കൊള്ളുകയോ മേലധികാരികളെ യഥാസമയം വിവരം അറിയിക്കുകയോ ചെയ്തില്ല. കൺട്രോൾ റൂം വാഹനത്തിൽ എസ്.ഐ., എ.എസ്.ഐ., എസ്.സി.പി.ഒ. എന്നിവരിൽ ആർക്കെങ്കിലും ചുമതല നൽകാതെ സ്റ്റേഷൻ ഹൗസ് ഓഫീസർ സിവിൽ പോലീസ് ഉദ്യോഗസ്ഥന് ചുമതല നൽകി. ഉത്തര മേഖലാ ഡി.ഐ.ജി.ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.