ഭാഷാ സെമിനാര്‍ സംഘടിപ്പിച്ചു: മലയാള ഭാഷാ രൂപീകരണത്തിന് നാടന്‍ പാട്ടുകള്‍ വലിയ സംഭാവന നല്‍കി: ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍

ഭരണഭാഷാ വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച്  തദ്ദേശ സ്വയം ഭരണ വകുപ്പി(എറണാകുളം )ന്റെ നേതൃത്വത്തില്‍ ഭാഷാ സെമിനാര്‍ സംഘടിപ്പിച്ചു. ‘മലയാളഭാഷയും സംസ്‌കാരവും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍  കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.

മലയാളഭാഷ നിര്‍ബന്ധമാക്കുന്നത് സാധാരണക്കാര്‍ക്ക് കൂടി മനസിലാകണം എന്നതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ മലയാളത്തില്‍ സ്വപ്നം കാണാന്‍ പ്രാപ്തരാക്കണം. എല്ലാ ഭാഷകളും തുടങ്ങുന്നത് നാടോടി സംസ്‌കൃതികളില്‍ നിന്നാണ്. നാടന്‍ പാട്ടുകള്‍ മലയാള ഭാഷാ രൂപീകരണത്തിന് വലിയ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. ഹൃദയത്തില്‍ നിന്ന് വന്ന സത്യസന്ധമായ സാഹിത്യങ്ങളായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളെയും ജില്ലാ പഞ്ചായത്തിനെയും പഞ്ചായത്ത് വകുപ്പിലെ വിവിധ ഓഫീസുകളെയും പങ്കെടുപ്പിച്ചുകൊണ്ട് കവിതാലാപാന മത്സരവും നാടന്‍ പാട്ട് മത്സരവും സംഘടിപ്പിച്ചിരുന്നു. കവിതാലാപന മത്സരത്തില്‍ ഡി.ഡി.പി ഓഫീസിലെ വിനീതാ മാര്‍ട്ടിന്‍, രാമമംഗലം പഞ്ചായത്തിലെ ആതിര നന്ദകുമാര്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, സ്ഥാനങ്ങളും മഞ്ഞപ്ര ഗ്രാമ പഞ്ചായത്തിലെ ജാന്‍സി ജോര്‍ജ്, ചൂര്‍ണിക്കര പഞ്ചായത്തിലെ സുരേഷ്‌കുമാര്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. നാടന്‍പാട്ട് മത്സരത്തില്‍ ജില്ലാ പഞ്ചായത്ത്, മഴുവന്നൂര്‍ ഗ്രാമപഞ്ചായത്ത്, തുറവൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പ് തൃശ്ശൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍ സന്തോഷ് വിഷയാവതരണം  നടത്തി. പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ജെ ജോയ്, അസിസ്റ്റന്റ് ഡയറക്ടര്‍ വിധു എ. മേനോന്‍, സീനിയര്‍ സൂപ്രണ്ട് വി.എസ് രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രയദര്‍ശിനി ഹാളില്‍ നടന്ന ചടങ്ങില്‍ വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ  വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →