ശ്രീനഗര്‍: നിയന്ത്രണ രേഖയ്ക്കു സമീപം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയ സുരക്ഷാസേന മൂന്നു ഭീകരരെ വധിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്നലെയായിരുന്നു ഏറ്റുമുട്ടല്‍. നിയന്ത്രണരേഖയ്ക്കരികെ പാക് അധീന മേഖലയില്‍ സംശയാസ്പദ സാഹചര്യത്തില്‍ ചിലരുടെ ചലനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സുരക്ഷാസേന നിരീക്ഷണം കര്‍ശനമാക്കി. ഇന്ത്യന്‍ മണ്ണിലേക്കു നുഴഞ്ഞുകയറ്റമാണു ലക്ഷ്യമിടുന്നതെന്നു വ്യക്തമായതോടെ സേന പ്രതിരോധം തീര്‍ത്തു. ഇതോടെ നുഴഞ്ഞുകയറ്റക്കാര്‍ സേനയ്ക്കുനേരേ വെടിയുതിര്‍ത്തു. തിരിച്ചടിയില്‍ മൂന്നു ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ മൃതദേഹം ഇന്ത്യന്‍ മേഖലയിലാണു കണ്ടെത്തിയത്. മറ്റു രണ്ടുപേരുടേതു പാക് അധീന മേഖലയിലെ ഗ്രാമവാസികള്‍ കൊണ്ടുപോയി. മൃതദേഹത്തിന് അരികില്‍നിന്ന് രണ്ട് എ.കെ-47 െറെഫിളും ഒരു പിസ്റ്റളും കണ്ടെടുത്തതായി പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്ത് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അനന്ത്നാഗിനു സമീപം രണ്ടു സ്‌കൂള്‍ ജീവനക്കാര്‍ക്കുനേരേ ഭീകരര്‍ വെടിയുതിര്‍ത്തു. ബിഹാര്‍, നേപ്പാള്‍ സ്വദേശികള്‍ക്കു നേരേയായിരുന്നു ആക്രമണം. പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.