തിരുവനന്തപുരം: 15ാമത് അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ സമ്മേളനവും എക്സ്പോ 2022 ഉം കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ സംയുക്തമായി വെള്ളിയാഴ്ച (2022 നവംബര്‍ 4 ന്) കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യും. കേരള ഗവണ്‍മെന്റുമായി സഹകരിച്ച് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയമാണ് 2022 നവംബര്‍ 4 മുതല്‍ 6 വരെ കൊച്ചിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ നയരൂപീകരണ രംഗത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മെട്രോ റെയില്‍ കമ്പനികളുടെ മാനേജിംഗ് ഡയറക്ടര്‍മാര്‍, ഗതാഗത സ്ഥാപനങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍മാര്‍, അന്താരാഷ്ട്ര വിദഗ്ധര്‍, പ്രൊഫഷണലുകള്‍, അക്കാദമിക് വിദഗ്ധര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങള്‍ക്കും ആശ്രയിക്കാവുന്ന തരത്തില്‍ തുല്യവും സുസ്ഥിരവുമായ നഗര ഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലും, നഗര ഗതാഗതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന തലത്തിലും നഗര തലത്തിലും ശേഷി വികസിപ്പിക്കുന്നതിലും ഇന്ത്യാ ഗവണ്‍മെന്റിന്റെ 2006-ലെ ദേശീയനഗര ഗതാഗത നയം ശക്തമായ ഊന്നല്‍ നല്‍കുന്നു.
പ്രഖ്യാപനങ്ങളുടെ ഭാഗമായി, അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ പ്രമേയമാക്കി, വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനവും പ്രദര്‍ശനവും സംഘടിപ്പിക്കുന്നതിന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയമാണ് മുന്‍കൈ എടുക്കുന്നത്. ആഗോളതലത്തില്‍ തന്നെ ഏറ്റവും നവീനവും മികച്ചതുമായ നഗര ഗതാഗത സംവിധാനങ്ങള്‍ സംബന്ധിച്ച് സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥരില്‍ അവബോധം സൃഷ്ടിക്കുകയും, നഗര ഗതാഗത സംവിധാനങ്ങള്‍ കാലികമായി നിലനിര്‍ത്താന്‍ ഉതകുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുകയുമാണ് സമ്മേളനത്തിന്റെ പ്രാഥമിക ലക്ഷ്യം. ആഭ്യന്തര-അന്തര്‍ദേശീയ പ്രൊഫഷണലുകള്‍, സാങ്കേതികവിദ്യകള്‍-സേവന ദാതാക്കള്‍ എന്നിവരുമായി സംവദിക്കാന്‍ സമ്മേളനം അവസരം ഒരുക്കുന്നു. പ്രതിനിധികള്‍ക്ക് സ്വന്തം നഗരത്തിലെ ഗതാഗത സംവിധാനങ്ങള്‍ സുസ്ഥിര പാതയില്‍ വികസിപ്പിക്കുന്നതിനുള്ള ആശയങ്ങള്‍ സമ്മേളനത്തില്‍ നിന്ന് ഉള്‍ക്കൊള്ളാന്‍ കഴിയും. ദേശീയ അന്തര്‍ദേശീയ വിദഗ്ധര്‍, സാങ്കേതിക-സേവന ദാതാക്കള്‍, നയ രൂപകര്‍ത്താക്കള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, നഗര ഗതാഗത മേഖലയിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ സമ്മേളനം ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നു.

