മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ​ഗവർണർ; ആർഎസ്എസ് നോമിനി നിയമനം തെളിയിച്ചാൽ രാജിവെക്കാം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആർഎസ്എസ് നോമിനിയെ നിയമിച്ചുവെന്ന ആരോപണം തെളിയിച്ചാൽ രാജിവെക്കാമെന്ന് ​ഗവർണർ വെല്ലുവിളിച്ചു.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടുവെന്ന് ആരോപണമുണ്ടല്ലോ. അതിലെ ആൾക്കാർ പുസ്തകങ്ങൾ വരെ ഇറക്കുന്നു. സ്വർണക്കടത്തു വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടൽ അടക്കമുള്ള വിഷയങ്ങൾ താൻ പരിശോധിക്കുന്നുണ്ട്. എം.ശിവശങ്കറിനെ മാറ്റിനിർത്തിയത് എന്തിനായിരുന്നു. സ്വപ്നയ്ക്ക് ജോലി ലഭിച്ചത് എങ്ങനെയാണ്. സ്വപ്നയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകളെ കുറിച്ചും പരാമർശിച്ച ​ഗവർണർ ക്രമക്കേടുകൾ എവിടെ കണ്ടാലും ഇടപെടുമെന്നും പറഞ്ഞു.

വി.സിമാരുടെ വിശദീകരണം ലഭിച്ചിട്ടില്ല. 2022 നവംബർ ഏഴാം തീയതി വരെ വി.സിമാർക്ക് സമയം നീട്ടി നൽകിയിട്ടുണ്ട്. അതിന് ശേഷമായിരിക്കും തന്റെ തീരുമാനം. താൻ ശമ്പള കാര്യത്തിൽ അടക്കം ഒരു തീരുമാനവും എടുത്തിട്ടില്ല. 03/11/22 വ്യാഴാഴ്ച അഞ്ച് മണി വരെയാണ് വി.സിമാർക്ക് സമയം അനുവദിച്ചിരുന്നത്. ആർഎസ്എസുകാരെ നിയമിച്ചുവെന്നാണ് സർക്കാർ പറയുന്നത്. അങ്ങനെ ഒരു സംഭവം ശ്രദ്ധയിൽപ്പെടുത്തു. അധികാരം കടന്ന് പ്രവർത്തിച്ചുവെന്ന് ഒരു കാര്യമെങ്കിലും ചൂണ്ടിക്കാട്ടട്ടെ. ആ നിമിഷം രാജിവെക്കാൻ തയാറാണ്.

മുഖ്യമന്ത്രിക്കെതിരെയുള്ള കാര്യങ്ങളിൽ മാധ്യമങ്ങൾ ചുണ്ട് പൂട്ടിയിരിക്കുന്നു. തന്റെ നടപടികൾ നിയമവിരുദ്ധമെങ്കിൽ കോടതി അത് റദ്ദാക്കുമല്ലോ. മുഖ്യമന്ത്രിയുടെ ഓഫിസിലെ ആളുകൾ കള്ളക്കടത്തിൽ പങ്കെടുത്തുവെന്നാണ് പറയുന്നത്. അക്കാര്യം അന്വേഷിക്കേണ്ടതല്ലേ ?. അതേ ഓഫിസാണ് കണ്ണൂർ വാഴ്സിറ്റി നിയമനത്തിന് താൻ ഒപ്പിടണമെന്ന് പറയുന്നത്. കേരളത്തിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ​ഗവർണർ പറഞ്ഞു.

മന്ത്രിയുടെ പ്രീതി പിൻവലിച്ച നടപടിയിലൂടെ കേരളത്തിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാനാണ് താൻ ശ്രമിക്കുന്നത്. സിപിഐഎം ഉന്നത നേതൃത്വം ഇത്തരം വിഷയങ്ങൾ ഒന്നും ഏറ്റെടുക്കാൻ തയാറായില്ല. നേതാക്കളുടെ ബന്ധുക്കളെ സർവകലാശാലകളിൽ കുത്തി നിറച്ചാണോ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താൻ പോകുന്നത്. വി.എസിനെ എങ്ങനെയാണ് സിപിഐഎം നേതൃത്വം കൈകാര്യം ചെയ്തതെന്ന് നിങ്ങൾ അന്വേഷിക്കൂവെന്നും ​ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →