എറണാകുളം ജില്ലയിലെ സർക്കാർ ജീവനക്കാർക്ക് പുരപ്പുറ സൗരോർജ പദ്ധതിയിൽ ഗാർഹിക സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ സ്പോട്ട് രജിസ്ട്രേഷൻ സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സ്പോട്ട് രജിസ്ട്രേഷൻ ക്യാംപയിൻ ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ ഫാത്തിമ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സർക്കാരിൻ്റെ 40 ശതമാനം സബ്സിഡി നിരക്കിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബി അംഗീകൃതമായ വിവിധ സോളാർ പാനൽ വിതരണക്കാരുമായി സംവദിക്കാനും സ്പോട്ട് രജിസ്ട്രേഷൻ നടത്താനുമുള്ള സൗകര്യം ക്യാംപയിനിൽ ഒരുക്കിയിരുന്നു.
അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ എസ്. നൗഷാദ് പദ്ധതി വിശദീകരിച്ചു. സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ഇ കിരൺ പോർട്ടൽ വഴി എങ്ങനെ സ്വയം രജിസ്ട്രേഷൻ നടത്താം എന്നത് സംബന്ധിച്ച വിവരങ്ങളും വിശദീകരിച്ചു. ചടങ്ങിൽ സൗര പ്രോജക്റ്റ് എറണാകുളം സർക്കിൾ അസിസ്റ്റൻ്റ് എൻജിനീയർ വി.പി രഘു, പെരുമ്പാവൂർ സർക്കിൾ അസിസ്റ്റൻ്റ് എൻജിനീയർ ജിബി വർഗീസ്, സിവിൽ സ്റ്റേഷൻ ജീവനക്കാർ, സോളാർ പാനൽ വിതരണക്കാർ പങ്കെടുത്തു.

