അതിഥി തൊഴിലാളികൾക്ക് മലയാളം പഠനത്തിന് പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി

മലയാള ഭാഷ പഠിക്കാൻ താത്പര്യമുള്ള അതിഥി തൊഴിലാളികൾക്കായി മലയാള പഠന പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാള ദിനാഘോഷത്തിന്റേയും ഭരണഭാഷാവാരാഘോഷത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മലയാള സർവകലാശാലയെയും വികസിപ്പിക്കും. ഇതിന്റെ ഭാഗമായി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റേയും സർവവിജ്ഞാനകോശത്തിന്റേയും സഹകരണത്തോടെ പദ്ധതി ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാള ഭാഷയുടെ പരിപോഷണത്തിനായി മലയാളം മിഷന്റെ പ്രവർത്തനം വിപുലീകരിക്കും. നിലവിൽ 50 രാജ്യങ്ങളിലായി മലയാളം മിഷന്റെ 71 ചാപ്റ്ററുകൾ പ്രവർത്തിക്കുന്നു. ഇവയുടെ എണ്ണം വർധിപ്പിക്കും. ഹൈക്കോടതി വരെയുള്ള കോടതികളുടെ ഭാഷയും മലയാളം ആക്കുന്നതിനുള്ള നടപടി സർക്കാർ ഊർജിതമാക്കുകയാണ്.

സർക്കാർ ഫയലുകളിലെ ഇംഗ്‌ളീഷ് എഴുത്ത് ജനങ്ങളുടെ അവകാശം നിഷേധിക്കലാണ്. ആത്മാഭിമാനത്തോടെ മലയാളത്തിൽ ഫയൽ കൈകാര്യം ചെയ്യാൻ ഉദ്യോഗസ്ഥർ ശ്രദ്ധ പുലർത്തണം. ഇത് ചെയ്യാത്തവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാമെങ്കിലും ബോധവത്ക്കരണത്തിലൂടെ ഈ ലക്ഷ്യത്തിലെത്താനാണ് സർക്കാർ ശ്രമിക്കുന്നത്.

മലയാളത്തിന്റെ എഴുത്തുരീതിക്ക് ഏകീകൃത രൂപം കൈവരിക്കാനാകണം. ഇതിനായി രൂപീകരിച്ച ഭാഷാ മാർഗനിർദ്ദേശക വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മലയാളം എഴുത്തുരീതി എന്ന പേരിൽ ഒരു കൈപ്പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാഷ ചില്ലുകൂട്ടിലിട്ട ചരിത്ര സ്മാരകമല്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മറ്റു ഭാഷകളിൽ നിന്നുള്ള പദം ഉൾക്കൊള്ളാനും മറ്റു ഭാഷകളിലേക്ക് പദം സമ്മാനിക്കാനുമാകണം. ജനം ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന അന്യഭാഷാപദങ്ങളെ മലയാളമായി കണ്ട് പദസ്വീകാരനയം നടപ്പാക്കണം. ക്‌ളാസിക്കൽ ഭാഷയ്ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ മലയാളത്തിന് വാങ്ങിയെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാതൃഭാഷയിലൂടെ മാത്രമേ സ്വന്തം ഹൃദയവികാരം ശക്തമായി പ്രകടിപ്പിക്കാനാകൂയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണിരാജു പറഞ്ഞു. മലയാളത്തിലെ പ്രമുഖ സാഹിത്യകാരൻമാരായ എം. മുകുന്ദൻ, പ്രൊഫ. വി. മധുസൂദനൻ നായർ എന്നിവരെ ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു. ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി. ആർ. ഡി തയ്യാറാക്കിയ സമകാലിക ജനപഥം ഭരണഭാഷാ പതിപ്പ് മന്ത്രി ആന്റണിരാജു പ്രകാശനം ചെയ്തു. ഭരണഭാഷ പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാതോമസ്, പി. ആർ. ഡി ഡയറക്ടർ എച്ച്. ദിനേശൻ എന്നിവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →