തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതിയായ ഗ്രീഷ്മയെ 31/10/22 തിങ്കളാഴ്ച തെളിവെടുപ്പിന് എത്തിക്കും. വിഷക്കുപ്പി ഉപേക്ഷിച്ച സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. വിഷകുപ്പി എടുത്ത് പറമ്പിലേക്ക് എറിഞ്ഞെന്നും അമ്മാവൻ ഇത് മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി ഇട്ടുവെന്നുമാണ് ഗ്രീഷ്മ പൊലീസിന് നൽകിയ മൊഴി. കൊലപാതകത്തിന് ശേഷം എങ്ങനെ രക്ഷപ്പെടാൻ കഴിയുമെന്ന് ഗൂഗിളിൽ സെർച്ച് ചെയ്തു എന്നു പൊലീസിന് നൽകിയ മൊഴിയിൽ വെളിപ്പെടുത്തി.
മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി30/10/22 ഞായറാഴ്ചയാണ് പൊലീസിനോട് സമ്മതിച്ചത്. സംഭവത്തിൽ അന്വേഷണം നടന്നു വരികയായിരുന്നു. 2022 സെപ്തംബർ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ 25/10/22 ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.
എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ (22). മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. തുരിശിന്റെ (കോപ്പർ സൽഫേറ്റ്) അംശം കഷായത്തിൽ ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്റുടെ മൊഴിയും കേസന്വേഷണത്തില്‍ നിർണായകമായി. പെൺകുട്ടിയെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു.

