കോയമ്പത്തൂര്‍ സ്ഫോടനം: കൊല്ലപ്പെട്ട പ്രതിയുടെ വീട്ടില്‍നിന്ന് നാലു ഡയറികളും കണ്ടെടുത്തു

ചെന്നൈ: കോയമ്പത്തൂര്‍ കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട പ്രതി ജമേഷ് മുബിന്റെ(25) വീട്ടില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കളില്‍ നാലു ഡയറികളും. അന്വേഷണത്തില്‍ നിര്‍ണായകമാകുന്ന നിരവധി സൂചനകള്‍ ഡയറിക്കുറിപ്പുകളില്‍ നിന്ന് കണ്ടെത്തിയെന്നാണ് സൂചന.

മുബിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കളില്‍ 76 കിലോ സ്ഫോടക വസ്തുക്കളും ഇലക്ട്രോണിക് സര്‍ക്യൂട്ടുകളും ഗ്യാസ് സിലിണ്ടറുകളും ഉണ്ടെന്നായിരുന്നു അന്വേഷണ ഏജന്‍സി അറിയിച്ചത്. എന്നാല്‍, ഇതിനു പുറമേ മതതീവ്ര നിലപാടുകള്‍ പ്രകടമാകുന്ന ലഘുലേഖകളും ഡയറിക്കുറിപ്പുകളും ഉണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രാജ്യത്തെ സമീപകാല സംഭവ വികാസങ്ങളെ പറ്റിയുള്ള കുറിപ്പുകള്‍ അടങ്ങിയ നാല് ഡയറികളാണ് കണ്ടെടുത്തത്. പൗരത്വ ഭേദഗതി നിയമം, ഹിജാബ് നിരോധനം തുടങ്ങിയവയോടുള്ള തീവ്ര പ്രതികരണങ്ങള്‍ ഇതിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിന സ്ഫോടനങ്ങളുടെ സൂത്രധാരന്‍ സഫ്റന്‍ ഹാഷിമായിരുന്നു മുബിന്റെ മാതൃകാപുരുഷന്‍. ഇയാളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായി നിലവില്‍ സൂചനകളില്ല. എന്നാല്‍, ഹാഷിമുമായി ബന്ധമുള്ളവരുമായി ബന്ധം പുലര്‍ത്താന്‍ ജമേഷ മുബീന്‍ ശ്രമിച്ചിരുന്നു.

ബോംബാക്രമണം സംബന്ധിച്ച പരിശീലനം ഇയാള്‍ക്ക് കിട്ടിയിരുന്നില്ല എന്നാണ് നിഗമനം. ഇന്റര്‍നെറ്റില്‍നിന്നും പുസ്തകങ്ങളില്‍നിന്നും തേടിപ്പിടിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുബിന്‍ സ്ഫോടനത്തിന് പദ്ധതിയിട്ടത്. ഈ മാസം 23 ന് പുലര്‍ച്ചെ ഒരു മണിക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച കാറുമായി വീട്ടില്‍ നിന്ന് പുറപ്പെട്ടു. കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിനടുത്തുള്ള പോലീസ് ചെക്പോസ്റ്റ് ഇയാളുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇവിടുന്ന് ധൃതിയില്‍ മടങ്ങുന്നതിടെയാണ് സ്ഫോടനം. ഈ ക്ഷേത്രം തന്നെയാണോ ലക്ഷ്യമിട്ടത് എന്ന് വ്യക്തമല്ല.

ഇതടക്കം മൂന്ന് ക്ഷേത്രങ്ങളില്‍ ആക്രമണം നടത്താനുള്ള സാധ്യത സംഘം തേടിയിരുന്നതായി അടുത്ത കൂട്ടാളികളായ അഫ്സര്‍ ഖാനും മുഹമ്മദ് അസ്ഹറുദ്ദീനും മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ ഇതുവരെ ആറു പേര്‍ അറസ്റ്റിലായിട്ടുണ്ട്. അതേസമയം, കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) സംഗമേശ്വര ക്ഷേത്രത്തിലെത്തി ആദ്യ ഘട്ട തെളിവെടുപ്പ് നടത്തി. പരാതിക്കാരനായ ക്ഷേത്ര പുരോഹിതന്‍ സുന്ദരേശന്റെ മൊഴി രേഖപ്പെടുത്തി. എസ്.പി: ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. കേസ് സംബന്ധിച്ച കണ്ടെത്തലുകളും തെളിവുകളും ശനിയാഴ്ച പോലീസ് എന്‍.ഐ.എക്ക്‌ കൈമാറിയിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ ശിപാര്‍ശ പ്രകാരമാണ് കേസിന്റെ അന്വേഷണം എന്‍.ഐ.എ. ഏറ്റെടുത്തത്. അവനാശി റോഡിലെ പോലീസ് റിക്രൂട്ട്സ് സ്‌കൂള്‍ വളപ്പില്‍ എന്‍.ഐ.എക്ക് താല്‍ക്കാലിക ഓഫീസിനു സ്ഥലവും അനുവദിച്ചു. അതിനിടെ, കേസ് അന്വേഷണം എന്‍.ഐ.എയ്ക്കു വിടുന്നത് സംസ്ഥാന സര്‍ക്കാര്‍ െവെകിച്ചുവെന്നാരോപിച്ച് ഗവര്‍ ആര്‍.എന്‍. രവിയും പ്രതിപക്ഷമായ ബി.ജെ.പിയും രംഗത്തുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →