വിഷപ്രയോഗം നടത്തിയിട്ടില്ലെന്ന് തെളിയിക്കാന്‍ യമുനയില്‍ കുളിച്ച് ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: യമുന നദിയില്‍ വിഷപ്രയോഗം നടത്തിയിട്ടില്ലെന്ന് തെളിയിക്കാന്‍ നദിയില്‍ കുളിച്ച് ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ബി.ജെ.പി. എം.പി. പര്‍വേസ് വെര്‍മയുടെ വെല്ലുവിളി സ്വീകരിച്ചാണ് ഡല്‍ഹി ജല ബോര്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ ഡയറക്ടര്‍ സഞ്ജയ് ശര്‍മ യമുനാ നദിയിലെ വെള്ളത്തില്‍ പരസ്യമായി കുളിച്ചത്. മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ വിളിച്ചുവരുത്തിയായിരുന്നു സഞ്ജയ് ശര്‍മയുടെ കുളി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വൈറലാവുകയും ചെയ്തു. യമുനാ നദിയിലെ മാലിന്യപ്പത ഒഴിവാക്കാനായി ഡല്‍ഹി ജല ബോര്‍ഡിന്റെ നേതൃത്വത്തില്‍ നദിയില്‍ രാസവസ്തു പ്രയോഗം നടത്തിയിരുന്നു. എന്നാല്‍, ഇത് സ്ഥിതി രൂക്ഷമാക്കുമെന്നും വെള്ളം വിഷമയമാകുമെന്നും ചൂണ്ടിക്കാട്ടി പര്‍വേസ് വെര്‍മ എം.പി. ഡല്‍ഹി ജല ബോര്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ ഡയറക്ടര്‍ സഞ്ജയ് ശര്‍മയെ പരസ്യമായി അപമാനിച്ചിരുന്നു. കൂടാതെ യമുനയിലെ വെള്ളത്തില്‍ കുളിക്കാന്‍ ശര്‍മയെ വെല്ലുവിളിക്കുകയും ചെയ്തു. ഇത് ഏറ്റെടുത്തായിരുന്നു സഞ്ജയ് ശര്‍മയുടെ കുളി.

ഛാത് പൂജ ഉത്സവത്തിന്റെ ഭാഗമായി ഭക്തര്‍ യമുനയില്‍ കുളിക്കാറുണ്ട്. വിഷം കലര്‍ന്ന രാസവസ്തുക്കള്‍ വെള്ളത്തില്‍ കലര്‍ത്തുന്നതായി ചിലര്‍ ഭക്തര്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്നും അതു ശരിയല്ലെന്നു തെളിയിക്കാനുമാണ് യമുനയില്‍ കുളിച്ചതെന്നും സഞ്ജയ് ശര്‍മ പറഞ്ഞു.ഛാത് ഉത്സവത്തിന് മുന്നോടിയായി ഡല്‍ഹി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ബി.ജെ.പി. ശ്രമിക്കുകയാണെന്ന് ജല ബോര്‍ഡ്‌ െവെസ് ചെയര്‍മാനും ആം ആദ്മി പാര്‍ട്ടി എം.എല്‍.എയുമായ സൗരഭ് ഭരദ്വാജ് ട്വീറ്റ് ചെയ്തു.

Share
അഭിപ്രായം എഴുതാം