കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതി മരിച്ചത് മരുന്നുമാറി കുത്തിവച്ചത് മൂലമല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നെങ്കിലും മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല. കൂടരഞ്ഞി സ്വദേശിയായ സിന്ധുവിന്റെ മരണം മരുന്ന് മാറി കുത്തിവെച്ചത് മൂലമല്ലെന്നും മറിച്ച് കുത്തിവെച്ച മരുന്നിന്റെ പാർശ്വഫലം കൊണ്ടാണെന്നുമാണ് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. അപ്പോഴും കുത്തിവെച്ച മരുന്നിനെ സംബന്ധിച്ച് ആശയകുഴപ്പം തുടരുകയാണ്. ഇക്കാര്യത്തിൽ കൃത്യമായ മറുപടി ഇല്ലാതെ ഒളിച്ചുകളിക്കുകയാണ് മെഡിക്കൽ കോളജ്.
ക്രിസ്റ്റലൈൻ പെനിസിലിൻ കുത്തിവെച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നതെങ്കിലും സർക്കാർ ആശുപത്രികളിലേയ്ക്ക് മരുന്ന് സംഭരിച്ചു നൽകുന്ന കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കഴിഞ്ഞ കുറേ വർഷമായി ഈ മരുന്ന് വാങ്ങുന്നില്ല. സംസ്ഥാനത്ത് ഒരിടത്തും ഈ മരുന്ന് വിതരണം ചെയ്യുന്നുമില്ല. കഴിഞ്ഞ ആഴ്ച്ച ക്ഷണിച്ച ടെൻഡറിലും ക്സ്റ്റലൈൻ പെനിസിലിൻ ഇല്ല. പകരം വിവേക് ഫാർമെകം എന്ന കമ്പനി നിർമിക്കുന്ന ബെൻസൻ പെനിസിലിൻ ആണ് ഈ വർഷം വിതരണം ചെയ്തിരിക്കുന്നത്.
അങ്ങനെയെങ്കിൽ, എങ്ങനെയാണ് ക്രിസ്റ്റലൈൻ പെനിസിലിൻ കുത്തിവച്ചതെന്ന സംശയം ഉയരുന്നു. പുറമേ നിന്ന് മരുന്ന് വാങ്ങാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബന്ധുക്കളും പറയുന്നു. ഏതായാലും ഇക്കാര്യത്തിൽ മെഡിക്കൽ കോളജിന് വരുംദിവസങ്ങളിൽ കൃത്യമായ ഉത്തരം പറയേണ്ടി വരും

