തിരുവനന്തപുരം: നടക്കാനിറങ്ങിയ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ മൂന്നു ദിവസത്തിന് ശേഷവും പ്രതിയെ പിടികൂടാനാവാതെ പോലീസ്. പ്രതിക്കെതിരേ ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തി ആദ്യം കേസെടുത്ത പോലീസ് സംഭവം വിവാദമായതോടെ 28/10/2022 ലൈംഗികാതിക്രമത്തിന് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. പ്രതിയുടെ രേഖാചിത്രം പോലീസ് തയാറാക്കി.
പ്രതി തന്റെ ദേഹത്ത് കയറിപ്പിടിച്ചെന്ന് യുവതി മൊഴി നല്‍കിയിട്ടും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. സംഭവത്തിന്റെ സി.സി ടി.വി ദൃശ്യം ലഭ്യമല്ലെന്നും ആ ഭാഗത്ത് കാമറ പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് ആദ്യം പോലീസ് പറഞ്ഞത്. എന്നാല്‍ പരാതിക്കാരി ശക്തമായ നിലപാട് എടുത്തതോടെ മ്യൂസിയം ഭാഗത്തു നിന്നുള്ള ഡിസി.സി.ടി.വി ദൃശ്യം ശേഖരിച്ചു.നഗരഹൃദയത്തില്‍ മ്യൂസിയത്തിനു സമീപം ആയിരുന്നു സംഭവം. പതിവുപോലെ നടക്കാനിറങ്ങിയ യുവതി പടിഞ്ഞാറ് ഭാഗത്തെ പ്രധാന ഗേറ്റിനടുത്തേക്ക് എത്തിയപ്പോള്‍ കറുത്ത പാന്റും െകെയില്ലാത്ത വെള്ള ബനിയനും തലയില്‍ മഫല്‍റും ധരിച്ചെത്തിയ വ്യക്തി ആക്രമിക്കുകയായിരുന്നു. കുതറി മാറിയ യുവതി പ്രത്യാക്രമണത്തിന് മുതിര്‍ന്നപ്പോള്‍ അക്രമി വെള്ളയമ്പലം ഭാഗത്തേക്ക് ഓടി. യുവതി പിന്നാലെ ഓടി. അക്രമിയും പിന്നാലെ യുവതിയും മ്യൂസിയം മതില്‍ ചാടിക്കടന്ന് മ്യൂസിയം കോമ്പൗണ്ടിലേക്ക് കടന്നു. ഇതിനിടെ നിലത്തുവീണ യുവതി എഴുന്നേല്‍ക്കുന്നതിനിടെ അക്രമി ഇരുട്ടില്‍ ഒളിച്ചു. യുവതി സെക്യൂരിറ്റി ഓഫീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ െബെക്കില്‍ സ്ഥലത്തെത്തി. അക്രമി ഇരുളില്‍ ഒളിച്ച പ്രദേശം ചൂണ്ടിക്കാട്ടിയെങ്കിലും അങ്ങോട്ടേക്കു പോലീസ് പോയില്ല. കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതുമില്ല. പോലീസ് പോയി 7 മിനിറ്റ് കഴിഞ്ഞപ്പോള്‍ അക്രമി സ്ഥലത്തുനിന്നിറങ്ങി കാറില്‍കയറി രക്ഷപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു.
നന്തന്‍കോട് ഭാഗത്തുനിന്ന് ഇന്നോവ വാഹനത്തിലാണു പ്രതി എത്തിയതെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ യുവതിയെ ധരിപ്പിച്ചത്. മ്യൂസിയം കോമ്പൗണ്ടിലും റോഡിലുമുള്ള മിക്ക കാമറകളും പ്രവര്‍ത്തിക്കുന്നതെല്ലന്നും അവര്‍ പറഞ്ഞിരുന്നു.രാവിലെ എട്ടരയ്ക്കു യുവതി വീണ്ടും മ്യൂസിയം സ്റ്റേഷനിലെത്തി പരാതി നല്‍കി. മ്യൂസിയം ഭാഗത്തുനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ മാത്രമാണ് ഇതുവരെ പോലീസിന് കിട്ടിയത്. പ്രതിയുടെ വാഹനം കേന്ദ്രീകരിച്ച് അപ്പോള്‍ തന്നെ അന്വേഷണം തുടങ്ങിയിരുന്നെങ്കില്‍ അന്നു തന്നെ പ്രതിയെ പിടികൂടാനാകുമായിരുന്നുവെന്ന് യുവതി പറയുന്നു.

