മഞ്ചേരി: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികനെ മഞ്ചേരി പോക്‌സോ അതിവേഗ കോടതി പത്തുവര്‍ഷം കഠിനതടവിനും 2.25 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. ഐക്കരപ്പടി ചെറുകാവ് വള്ളിയില്‍ കോയ മൊയ്തീന്‍(68)നെയാണ് ജഡ്ജി പി.ടി. പ്രകാശന്‍ ശിക്ഷിച്ചത്.
2016 ജനുവരി 23നു വൈകിട്ട് അഞ്ചിനാണ് കേസിന്നാസ്പദമായ സംഭവം. വീട്ടിലേക്കുള്ള പാല്‍ എടുക്കാനായി അയല്‍പക്കത്തുള്ള പ്രതിയുടെ വീട്ടിലേക്കു പോയതായിരുന്നു ബാലിക. ഇവിടെ വച്ച് തന്റെ സ്വകാര്യഭാഗങ്ങള്‍ കുട്ടിയെ കാണിച്ച പ്രതി കിടപ്പുമുറിയിലേക്കു കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിക്ക് ഒരു രൂപയുടെ മൂന്ന് നാണയങ്ങള്‍ നല്‍കുകയും പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. കരഞ്ഞുകൊണ്ട് നാണയങ്ങളുമായി വീട്ടിലെത്തിയ കുട്ടിയെ മാതാവ് ചോദ്യം ചെയ്തതോടെയാണു പീഡനവിവരം പുറത്താകുന്നത്.
പോക്‌സോ വകുപ്പിലെ 5(എം) പ്രകാരം പത്തുവര്‍ഷം തടവ് രണ്ടുലക്ഷം രൂപ പിഴ, പിഴയടയ്ക്കാത്ത പക്ഷം രണ്ടു വര്‍ഷത്തെ അധികതടവ്, ഭീഷണിപ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാനിയമം 506(1) വകുപ്പ് പ്രകാരം രണ്ടുവര്‍ഷം കഠിനതടവ്, കുട്ടിക്ക് സ്വകാര്യഭാഗങ്ങള്‍ കാണിച്ചുനല്‍കിയതിന് മൂന്നു വര്‍ഷം കഠിനതടവ്, 25000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ആറുമാസത്തെ അധികതടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രതി പിഴയൊടുക്കുന്ന പക്ഷം ഇതില്‍നിന്നു രണ്ടു ലക്ഷം രൂപ പീഡനത്തിനിരയായ ബാലികയ്ക്ക് നല്‍കാനും കോടതി വിധിച്ചു.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സോമസുന്ദരന്‍ 14 സാക്ഷികളെ സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന ബി സന്തോഷ് അന്വേഷണം നടത്തുകയും പി കെ സന്തോഷ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുയുമായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.

