വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ റവന്യൂ ജില്ലാ കായിക മേള നവംബർ 21 മുതൽ 23 വരെ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് (എം.എ കോളേജ്) ഗ്രൗണ്ടിൽ നടക്കും.
ആന്റണി ജോൺ എം.എൽ.എയാണ് കായിക മേളയുടെ സംഘാടക സമിതി ചെയർമാൻ. മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എം.പിമാരായ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ബെന്നി ബഹനാൻ, തോമസ് ചാഴിക്കാടൻ, എം.എൽ.എമാരായ എൽദോസ് കുന്നപ്പള്ളിൽ, റോജി എം. ജോൺ, അൻവർ സാദത്ത്, കെ.എൻ ഉണ്ണിക്കൃഷ്ണൻ, കെ.ജെ മാക്സി, കെ.ബാബു, ടി.ജെ വിനോദ്, ഉമ തോമസ്, പി.വി ശ്രീനിജിൻ, അനൂപ് ജേക്കബ്, മാത്യു കുഴൽനാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ ഡോ. രേണു രാജ് എന്നിവരാണ് സംഘാടക സമിതിയുടെ രക്ഷാധികാരികൾ. കോതമംഗലം നഗരസഭാ ചെയർമാൻ കെ.കെ ടോമി വൈസ് ചെയർമാനും ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്സാണ്ടർ ജനറൽ കൺവീനറുമാണ്.
കഴിഞ്ഞ ദിവസം കോതമംഗലം മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂളിലായിരുന്നു സംഘാടക സമിതി രൂപീകരണം. മേളയിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും ഭക്ഷണം നൽകാനും കുട്ടികൾക്ക് വേണ്ട താമസ സൗകര്യമൊരുക്കാനും അടിയന്തര ഘട്ടങ്ങളിൽ എല്ലാ മത്സര വേദികളിലും വൈദ്യസഹായം ഉറപ്പാക്കാനും തീരുമാനിച്ചു.

