മണിമലക്കുന്ന് കോളേജിൽ ലഹരിക്കെതിരായ ശിൽപ്പശാല സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി
മണിമലക്കുന്ന് ടി.എം ജേക്കബ് മെമ്മോറിയൽ ഗവ. കോളേജിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ‘ഞാൻ മാറുന്നു, എന്നിലൂടെ ഈ സമൂഹവും’ എന്ന പ്രമേയത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാല സ്റ്റുഡൻസ് സർവീസ്  സെന്ററുമായി സഹകരിച്ച് നടത്തിയ ശില്പശാല തിരുമാറാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം ജോർജ് ഉദ്ഘാടനം ചെയ്തു.

കോളേജിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ്  ശിൽപ്പശാല സംഘടിപ്പിച്ചത്. നാഷ്ണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ തിരഞ്ഞെടുത്ത 30 ഒന്നാം വർഷ വിദ്യാർത്ഥികളായ എൻ.എസ്.എസ് വാളന്റിയർമാർക്ക് പരിശീലനം നൽകി. ജർമനിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ഹ്യൂമാനിറ്റീസ് ആന്റ് സൈക്കോളജിയിലെ ഫാക്കൽറ്റി  ഡോ. മോട്ടി സക്കറിയ ക്ലാസ് നയിച്ചു. ക്യാമ്പസിൽ  ലഹരി വസ്തുക്കളുടെ ഉപഭോഗം കണ്ടെത്തുന്നതിനും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുമുള്ള പരിശീലനമാണ് വിദ്യാർത്ഥികൾക്ക് നൽകിയത്.

ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ റോയി സക്കറിയ അധ്യക്ഷത വഹിച്ചു. എം.ജി യൂണിവേഴ്സിറ്റി സ്റ്റുഡൻസ് സർവീസ് സെന്റർ ഡയറക്ടർ ഡോ. അബ്രഹാം കെ. സാമുവൽ മുഖ്യപ്രഭാഷണം നടത്തി. കോളേജിലെ ആന്റി നർകോട്ടിക് സെൽ കൺവീനർ ഡോ. ലാൽജി ജോസഫ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രൊ. നിർമൽ സാബു, എൻ.എസ്.എസ് വാളന്റീയർ ലീഡർ ആൻ കാതറിൻ തുടങ്ങിയവർ സംസാരിച്ചു. നവംബർ ഒന്നിന് നടക്കുന്ന ലഹരി വിരുദ്ധ ശൃംഖലയിൽ പരമാവധി വിദ്യാർത്ഥികളെ അണിനിരത്തും.

Share
അഭിപ്രായം എഴുതാം