കൊച്ചി: വിലക്കയറ്റം അടക്കമുള്ള പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ വ്യാജഏറ്റുമുട്ടല്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനങ്ങളെ കബളിപ്പിക്കാനാണിത്. കോവിഡ് കാലത്ത് നടന്ന 1333 കോടി രൂപയുടെ കൊള്ള, പോലീസ് അതിക്രമങ്ങള്‍, സി.പി.എമ്മും പോഷക സംഘടനകളും അഴിഞ്ഞാടുന്ന സ്ഥിതി, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉള്‍പ്പെടെ എല്ലാ മേഖലകളിലും നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാനാണു വ്യാജ ഏറ്റുമുട്ടല്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ ജീര്‍ണത മറച്ചുവയ്ക്കാന്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടത്തിയ ഗൂഢാലോചനയാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്ന് സതീശന്‍ പറഞ്ഞു.
യു.ജി.സി മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തിയ വി.സി നിയമനങ്ങള്‍ ക്രമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിക്കെതിരേയാണു സി.പി.എം. രാജ് ഭവന്‍ വളയുന്നത്. സുപ്രീം കോടതിയിലെ കേസില്‍ സര്‍ക്കാരിനൊപ്പമായിരുന്നു ഗവര്‍ണര്‍. പിന്നെ എന്തിനാണ് രാജ്ഭവന്‍ വളയുന്നത്? കേസ് തള്ളണമെന്ന സര്‍ക്കാരിന്റെ അതേ നിലപാടാണ് സുപ്രീം കോടതിയില്‍ ഗവര്‍ണറും സ്വീകരിച്ചതെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.

