ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരേ വിദ്വേഷപ്രസംഗം നടത്തിയെന്ന കേസില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന് മൂന്നു വര്‍ഷം തടവുശിക്ഷ. ജാമ്യം അനുവദിച്ച കോടതി അപ്പീല്‍ നല്‍കാന്‍ ഒരാഴ്ച സമയം നല്‍കിയിട്ടുണ്ട്. 2019 ലെ പ്രസംഗത്തിന്റെ പേരിലാണ് ശിക്ഷ. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷയുള്ളതിനാല്‍ യു.പി. നിയമസഭാംഗമായ അസം ഖാന്‍ (74) അയോഗ്യത നേരിടേണ്ടി വരും. അതേസമയം, നിയമനടപടികള്‍ പൂര്‍ത്തിയാകുംവരെ സാമാജികത്വത്തിനു സംരക്ഷണമുണ്ട്.
അതേസമയം, വിധിക്കെതിരേ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് അസം ഖാന്‍ പറഞ്ഞു. എല്ലാ വഴികളും അടഞ്ഞിട്ടില്ല. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ടുമില്ല. സമയപരിധിക്കുള്ളില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും-അസം ഖാന്‍ പറഞ്ഞു.
2019-ലെ പൊതുതെരഞ്ഞെടുപ്പു വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ആഞ്ജനേയ കുമാര്‍ സിങ് എന്നിവര്‍ക്കെതിരേ നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് ഇപ്പോഴത്തെ കോടതിവിധിക്കു വഴിവച്ചത്. രാജ്യത്തെ തങ്ങളുടെ നിലനില്‍പ്പുതന്നെ ഭീഷണിയിലാണെന്നു തോന്നിപ്പിക്കുംവിധം പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്ലിംകളില്‍ ഭീതിജനിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നായിരുന്നു അസം ഖാന്റെ പ്രസംഗം.
അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്വാദി പാര്‍ട്ടിയിലെ രണ്ടാമനെന്ന് അറിയപ്പെടുന്ന അസം ഖാനു രാംപൂരിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ പല ഭാഗങ്ങളിലും ശക്തമായ സ്വാധീനമാണുള്ളത്.ഭൂമി െകെയേറ്റക്കേസില്‍ നേരത്തെ അസം ഖാന്‍ രണ്ടു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. ഈ കേസില്‍ ജയിലിലായിരുന്ന ഖാന്‍, സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനേത്തുടര്‍ന്ന് കഴിഞ്ഞ മേയിലാണു പുറത്തിറങ്ങിയത്. അഴിമതി, ഭൂമി കൈയേറ്റം തുടങ്ങി വിവിധ വകുപ്പുകളിലായി അസം ഖാന്‍ 87 കേസുകളാണു നേരിടുന്നത്.

