ന്യൂഡല്‍ഹി: ഒളിമ്പ്യന്‍ പി.വി. സിന്ധു ബാഡ്മിന്റണ്‍ ലോക റാങ്കിങ്ങില്‍ ആദ്യ അഞ്ചില്‍ തിരിച്ചെത്തി. ഒരു സ്ഥാനം കയറിയ സിന്ധു അഞ്ചിലെത്തി.പുരുഷ സിംഗിള്‍സ് റാങ്കിങ്ങില്‍ മലയാളി താരം എച്ച്.എസ്. പ്രണോയി ഒരു സ്ഥാനം കയറി 12 ലുമെത്തി. ഓഗസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ശേഷം സിന്ധു റാക്കറ്റെടുത്തിട്ടില്ല. 26 ടൂര്‍ണമെന്റുകളിലായി 87218 പോയിന്റാണു താരത്തിന്റെ നേട്ടം. മൂന്നു വര്‍ഷത്തിനു ശേഷമാണു പി.വി. സിന്ധു ആദ്യ അഞ്ചില്‍ തിരിച്ചെത്തുന്നത്. ലോക രണ്ടാം നമ്പര്‍ വരെയാകാന്‍ സിന്ധുവിനായി. പരുക്കില്‍നിന്നു മോചിതയായി താരം പരിശീലനം പുനരാരംഭിച്ചതിനു പിന്നാലെയാണു റാങ്കിങ്ങിലെ മുന്നേറ്റം.
ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ 750 ന്റെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിച്ചതാണു പ്രണോയിയുടെ അടുത്ത കാലത്തെ മികച്ച പ്രകടനം. വനിതാ ഡബിള്‍സ് റാങ്കിംഗില്‍ ഗായത്രി ഗോപിനാഥ് – ട്രീസ ജോളി കൂട്ടുകെട്ട് നാല് സ്ഥാനങ്ങള്‍ കയറി 27-ാം റാങ്കിലേക്ക് ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെ ഇരുവരും 88 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി.കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ ജേതാവ് ലക്ഷ്യ സെന്‍ എട്ടിലും വെങ്കല ജേതാവ് കിഡംബി ശ്രീകാന്ത് 11 ലും തുടര്‍ന്നു. കന്നി സ്വര്‍ണം നേടിയ സ്വാതിക്‌സായ്‌രാജ് റങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യവും എട്ടാം സ്ഥാനം നിലനിര്‍ത്തി.